Sunday, November 28, 2021
HomeNewsfeedഇപ്പോള്‍ നാലാം ഘട്ടത്തിലേക്ക് പോകുന്നത് റിസ്‌കാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

ഇപ്പോള്‍ നാലാം ഘട്ടത്തിലേക്ക് പോകുന്നത് റിസ്‌കാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്

ദോഹ: നിലവിലെ സാഹചര്യത്തില്‍ ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടം പൂര്‍ണ തോതില്‍ നടപ്പിലാക്കുന്നത് റിസ്‌കാണെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. അടുത്ത മൂന്നാഴ്ച്ചയ്ക്കുള്ളില്‍ നിരവധി പേര്‍ ഖത്തറിലേക്ക് മടങ്ങും. ഖത്തറിലും ലോകത്തെ വിവിധ രാജ്യങ്ങളിലുമുള്ള ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യവും കണക്കിലെടുക്കുമ്പോള്‍ ഇപ്പോള്‍ പുതിയ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് അപകടകരമായിരിക്കുമെന്ന് ദേശീയ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തീഫ് അല്‍ ഖാല്‍ പറഞ്ഞു.

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടം ആഗസ്ത് ആദ്യത്തില്‍ തുടങ്ങുമെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, ആഗസ്തിലും മൂന്നാംഘട്ടം തുടരാന്‍ ജൂലൈ മാസം അവസാനം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മൂന്നാംഘട്ട നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അഭിമുഖത്തില്‍ വിശദീകരിക്കുകയായിരുന്നു അല്‍ ഖാല്‍.

നേരിയ വര്‍ധന പ്രതീക്ഷിച്ചത്
ഈദ് അവധിക്ക് ശേഷം കോവിഡ് കേസുകളില്‍ നേരിയ വര്‍ധന പ്രതീക്ഷിച്ചതാണെന്ന് അല്‍ഖാല്‍ പറഞ്ഞു. കേസുകള്‍ ഇനിയും വര്‍ധിക്കാതിരിക്കാന്‍ കരുതല്‍ വേണം. എടുത്ത് ചാടി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നത് ഇതുവരെ ഉണ്ടാക്കിയ നേട്ടങ്ങള്‍ തകരാന്‍ കാരണമാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഖത്തറില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം
ശക്തമായ നിയന്ത്രണങ്ങളിലൂടെ ഖത്തറില്‍ ഡെല്‍റ്റ വകഭേദം എത്തുന്നത് വൈകിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, അടുത്ത കാലത്ത് അത് ഖത്തറിലും വ്യാപിച്ച് തുടങ്ങിയിട്ടുണ്ട്. ഡെല്‍റ്റ അതീവ അപകടകാരിയാണ്. ചെറിയ ഇന്‍ഫെക്ഷന്‍ പോലും തളര്‍ച്ച, കടുത്ത തലവേനദന, ഓര്‍മക്കുറവ്, ശ്വാസതടസ്സം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും. അതുകൊണ്ട് തന്നെ എല്ലാവരും അതിവേഗം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിലെ വാക്‌സിന്‍ ഫലപ്രദം
ഖത്തറില്‍ നല്‍കുന്ന വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിനെതിരേ ഫലപ്രദമാണ്. പൂര്‍ണമായും വാക്‌സിനെടുത്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്ന അപൂര്‍വ്വം സംഭവങ്ങളേ ഖത്തറില്‍ ഉണ്ടായിട്ടുള്ളു. ആശുപത്രിയിലും ഐസിയുവിലും പ്രവേശിപ്പിച്ച ഏറെക്കുറെ മുഴുവന്‍ പേരും വാക്‌സിനെടുക്കാത്തവരോ ഒരു ഡോസ് മാത്രം എടുത്തവരോ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ALSO WATCH

Most Popular