ഖത്തര്‍-ഇന്ത്യ മല്‍സരത്തില്‍ അല്‍ഭുത സമനില ആവര്‍ത്തിക്കുമോ; കടുത്ത മല്‍സരമായിരിക്കുമെന്ന് കോച്ചുമാര്‍

ദോഹ: 2022 ഫിഫ ലോക കപ്പ് യോഗ്യതാ മല്‍സരങ്ങളുടെ ആദ്യ റൗണ്ടില്‍ ഖത്തറിനെതിരേ നേടിയ സമനില വലിയ അല്‍ഭുതമായിരുന്നുവെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക്. ഖത്തറിനെതിരേ നടക്കുന്ന നാളത്തെ മല്‍സരത്തിന് മുന്നോടിയായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ കളിയിലെ നേട്ടത്തില്‍ വളരെ അഭിമാനമുണ്ട്. ഏഷ്യന്‍ ചാമ്പ്യന്മാരെ ദോഹയില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ തളച്ചിട്ടത് ലോകത്തിന് തന്നെ അല്‍ഭുതമായിരുന്നു. എന്നാല്‍, അന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. ഖത്തറില്‍ വന്നിറങ്ങിയതു മുതല്‍ ഇവിടെയുള്ള ഇന്ത്യന്‍ സമൂഹം നല്‍കിയ പിന്തുണ വലിയ ഊര്‍ജമാണ് പകര്‍ന്നത്-സ്റ്റിമാക് പറഞ്ഞു.
Sunil Chhetri

എന്നാല്‍, പത്തിലൊന്ന് കളികളില്‍ മാത്രമേ അങ്ങിനെ ഒന്ന് സംഭവിക്കൂ. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ടീമാണ് ഖത്തര്‍. അതുകൊണ്ട് തന്നെ നാളത്തെ മല്‍സരം അങ്ങേയറ്റം കടുത്തതായിരിക്കുമെന്ന് കോച്ച് സ്റ്റിമാക്ക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഖത്തര്‍ കോച്ച് ഫെലിക്‌സ് സാഞ്ചസ് ഇന്ത്യന്‍ ടീമിനെ കുറച്ചു കാണുന്നില്ല. ഇന്ത്യക്കെതിരായ മല്‍സരം അത്ര എളുപ്പമായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മല്‍സരത്തില്‍ ഞങ്ങള്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങളുടെ ചില നീക്കങ്ങള്‍ പാളിപ്പോയി. അത് പരിഹരിച്ചായിരിക്കും നാളെ ഇറങ്ങുകയെന്ന് സാഞ്ചസ് കൂട്ടിച്ചേര്‍ത്തു.

സുനില്‍ ചെത്രി മടങ്ങിയെത്തിയത് ടീമിന് വലിയ പ്രചോദനമാണെന്ന് സ്റ്റിമാക്ക് പറഞ്ഞു. എല്ലാ ട്രെയിനിങ് സെഷനുകളിലും ചെത്രി പങ്കെടുത്തിരുന്നു. ഒരു 25കാരന്റെ ചുറുചുറുക്കോടെയാണ് അദ്ദേഹം കളം നിറഞ്ഞുനില്‍ക്കുന്നത്. ഇത് ടീമിലെ യുവനിരയ്ക്ക് വലിയ ആവേശം പകര്‍ന്നതായും ഇന്ത്യന്‍ കോച്ച് വ്യക്തമാക്കി.