താഴേക്കിടയിലുള്ള ജോലികളിലും സ്വദേശിവല്‍ക്കരണത്തിനൊരുങ്ങി കഹ്‌റമ; പ്രവാസികള്‍ക്ക് ആശങ്ക

Kahramaa

ദോഹ: കൂടുതല്‍ ജോലികള്‍ സ്വദേശിവല്‍ക്കരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍(കഹ്‌റമ). പ്രധാന പോസ്റ്റുകളില്‍ 98 ശതമാനം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയായതായി കഹ്‌റമ ഹ്യൂമന്‍ റിസോഴ്‌സ് ഡിപാര്‍ട്ട്‌മെന്റിലെ സീനിയര്‍ റിക്രൂട്ട്‌മെന്റ് സ്‌പെഷ്യലിസ്റ്റ് സൗദ് മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു. ഇനി താഴേക്കിടയിലുള്ള ജോലികളില്‍ കൂടി ഖത്തരി പൗരന്മാരെ നിയമിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രവാസികളുടെ ജോലി ഭീഷണിയിലാവും.

ഖത്തരി പൗരന്മാരെ കൂടുതല്‍ ജോലികളിലേക്ക് നിയോഗിക്കുന്നതിന് ഹ്രസ്വ കാല, ദീര്‍ഘ കാല പദ്ധതികള്‍ ആവിഷ്‌കരിച്ചിണ്ട്. വിവിധ ഡിപാര്‍ട്ട്‌മെന്റുകളില്‍ ഏതൊക്കെ തരം ജോലികളിലാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ടതെന്ന കാര്യത്തില്‍ പഠനം നടത്തിയിട്ടുണ്ട്. ഈ പഠന ഫലത്തെ അടിസ്ഥാനമാക്കി ജോലി മേഖലകള്‍ തീരുമാനിക്കുകയും തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് നടപ്പില്‍ വരുത്തുകയും ചെയ്യുമെന്നും അല്‍ ഹമ്മാദി അറിയിച്ചു.

ദേശീയ തൊഴില്‍ പ്ലാറ്റ്‌ഫോമായ കവാദിര്‍, ജോലി തേടുന്ന സ്വദേശികള്‍ക്ക് വലിയ തോതില്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ വിവിധ മേഖലകളില്‍ സ്വദേശികളെ നിയമിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കാനും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ALSO WATCH