കത്താറ പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്ന് തുടക്കം

ദോഹ: ഒമ്പതാമത് പരമ്പരാഗത പായ്ക്കപ്പല്‍ മേളയ്ക്ക് ഇന്ന് വൈകീട്ട് 3ന് കത്താറ സാംസ്‌കാരിക ഗ്രാമത്തില്‍ തുടക്കമാവും. 13 ദിവസം നീളുന്ന മേളയില്‍ 11 രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

ഖത്തറിനു പുറമേ കുവൈത്ത്, ഒമാന്‍, ഇറാഖ്, തുര്‍ക്കി, ഇന്ത്യ, ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍, ഇറാന്‍, സാന്‍സിബാര്‍ എന്നീ രാജ്യങ്ങളാണ് വിവിധ കലാ സാംസ്‌കാരിക പ്രകടനങ്ങളിലൂടെ സമുദ്ര പൈതൃകം വിളിച്ചോതുന്ന മേളയില്‍ അണിനിരക്കുന്നത്. കുട്ടികളുടെയും കൈത്തൊഴിലുകാരുടെയും ശില്‍പ്പശാലകള്‍, പ്രസിദ്ധ സംഗീത ബാന്‍ഡുകളുടെ പ്രകടനം, പങ്കെടുക്കുന്ന രാജ്യങ്ങളുടെ സമുദ്ര പൈതൃകത്തിലേക്ക് വെളിച്ചം വീശുന്ന സംഗീതനൃത്ത നാടകം എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും.

ഓരോ വര്‍ഷവും പങ്കാളികളുടെ എണ്ണം വര്‍ധിക്കുന്നത് കത്താറ പായ്ക്കപ്പല്‍ മേളയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നതിന്റെ സൂചനയാണെന്ന് കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്‌റാഹിം അല്‍ സുലൈത്തി പറഞ്ഞു.

റോവിങ്, സെയ്‌ലിങ്, പാഡ്‌ലിങ്, സെന്‍യാര്‍ തുടങ്ങി എട്ട് പരമ്പരാഗത സമുദ്ര മല്‍സരങ്ങളാണ് മേളയില്‍ നടക്കുക. ദിവസവും വൈകീട്ട് 3 മുതല്‍ 10 വരെയായിരിക്കും മല്‍സരങ്ങള്‍. പരമ്പരാഗത പായ്പ്പലുകളുടെ പ്രദര്‍ശനത്തിനു പുറമേ വിവിധ തരത്തിലുള്ള രുചികരമായ ഭക്ഷണവും മേളയില്‍ ലഭിക്കും. ഖത്തറില്‍ ലഭ്യമായ ഫ്രഷ് മല്‍സ്യങ്ങള്‍ വില്‍ക്കുന്ന മല്‍സ്യ ചന്തയാണ് മേളയിലെ മറ്റൊരു ആകര്‍ഷണം.