കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്ന വ്യവസായത്തിന് കേരത്തില്‍ വന്‍ സാധ്യത

ദോഹ: കാര്‍ഷിക മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ വ്യാവസായത്തിന് കേരളത്തില്‍ വലിയ സാധ്യതകളുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നോഡല്‍ ഓഫിസര്‍ ഡോ. നിഷാദ് വി എം പറഞ്ഞു. കേരള ബിസിനസ് ഫോറം സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുളി ജ്യൂസ്, ജാതിക്ക തൊണ്ട് ജ്യൂസ്, മുരിങ്ങ ഓയില്‍, ഡ്രൈ വെജിറ്റബിള്‍സ് ആന്റ് ഫ്രൂട്ട്‌സ് തുടങ്ങിയവ വളരെ എളുപ്പത്തിലും ലാഭകരമായും നടത്താവുന്ന ബിസിനസുകളാണെന്ന് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പരമ്പരാഗത വഴികള്‍ വിട്ട് പുതിയ ഉല്‍പ്പന്നങ്ങളും സാധ്യതകളും തേടാന്‍ പ്രവാസികള്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ മുന്‍കൂര്‍ ലൈസന്‍സ് എടുക്കാതെ സൂക്ഷ്മ, ചെറുകിട, ഇടത്തരം ബിസിനസ് ആരംഭിക്കാനുള്ള സൗകര്യം ഒരുങ്ങുന്നതായി കേരള ഇന്‍ഡസ്ട്രീസ് ഡിപാര്‍ട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ടി എസ് ചന്ദ്രന്‍ പറഞ്ഞു.

സൂക്ഷ്മ ചെറുകിട വ്യാവസായം സുഗമമാക്കല്‍ നിയമം ഈ ഡിസംബര്‍ അവസാനത്തോട് കൂടി നടപ്പില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. 10 കോടി രൂപ വരെ മൂലധനം ആവശ്യമായ വ്യവസായങ്ങള്‍ക്കാണ് മൂന്ന് വര്‍ഷം വരെ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കാനാവുക. ചുവപ്പ് പട്ടികയില്‍പ്പെടാത്ത വ്യവസായങ്ങള്‍ക്കാണ് ഇത്തരത്തില്‍ അനുമതി ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, സാമ്പത്തിക മാന്ദ്യം പല ബിസിനസ് മേഖലകളെയും സാരമായി ബാധിച്ചിട്ടുണ്ടെന്ന് ചെറുകിട വ്യവസായ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ ചൂണ്ടിക്കാട്ടി.

കെബിഎഫ് പ്രസിഡന്റ് കെ ആര്‍ ജയരാജ് അധ്യക്ഷം വഹിച്ചു. കെബിഎഫ് വൈസ് പ്രസിഡന്റ് ജെന്നി ആന്റണി, നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ സി വി റപ്പായി, ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, കെബിഎഫ് ട്രെയ്‌നിങ് എക്‌സിക്യൂട്ടീവ് കമ്മിറ്റി കോഓഡിനേറ്റര്‍ ഷാനവാസ് ബാവ, അജി കുര്യാക്കോസ്, സാബിത്ത് ഷഹീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.