Sunday, November 28, 2021
HomeNewsfeedപ്രമുഖര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കെബിഎഫ് മീറ്റ് ദി ലെജന്‍ഡിന് തുടക്കമായി

പ്രമുഖര്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന കെബിഎഫ് മീറ്റ് ദി ലെജന്‍ഡിന് തുടക്കമായി

ദോഹ: വ്യവസായ രംഗത്തെ പ്രമുഖരുടെ അനുഭവങ്ങള്‍ മനസ്സിലാക്കാനും അവരുമായി സംവദിക്കാനും ഖത്തറിലുള്ള മലയാളി സംരംഭകര്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ‘മീറ്റ് ദി ലെജന്‍ഡ് ‘ സീരീസിന് കേരളം ബിസിനസ് ഫോറം തുടക്കം കുറിച്ചു. ആദ്യ പരിപാടിയില്‍ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (ചെയര്‍മാന്‍ & ഫൗണ്ടര്‍, വി-ഗാര്‍ഡ് ഗ്രൂപ്പ്) മുഖ്യ പ്രഭാഷണം നടത്തി.

1977ല്‍ ആരംഭിച്ച വിഗാര്‍ഡ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ പറ്റിയും പിന്നിട്ട വഴികളിലെ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംവദിച്ചു. ഈ പ്രതിസന്ധി ഘട്ടവും ബിസിനസ് ലോകം തരണം ചെയ്യുമെന്നും ഓരോ പ്രതിസന്ധിയും തരണം ചെയ്യുന്നതിനാവശ്യമായ നൈപുണ്യവും കഴിവുകളും ഓരോ സംരംഭകരും ആര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഐബിപിസി പ്രസിഡന്റ് ജാഫര്‍ സാദിഖ്, ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, ഐസിസി മുന്‍ പ്രസിഡന്റും ഐബിപിസി ഗവേര്‍ണിംഗ് ബോഡി മെമ്പറുമായ മണികണ്ഠന്‍, ഐബിപിസി വൈസ് പ്രസിഡന്റ് ലതീഷ് പട്ടാലി, താഹ മുഹമ്മദ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

കെബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി സ്വാഗതവും ട്രെഷറര്‍ ഗിരീഷ് പിള്ള നന്ദിയും പറഞ്ഞു. കെബിഎഫ് ഫൗണ്ടര്‍ ജനറല്‍ സെക്രട്ടറിയും ഇവന്റ് കോര്‍ഡിനേറ്ററുമായ വര്‍ഗീസ് വര്‍ഗീസ് സംവാദത്തിന്റെ മോഡറേറ്ററായിരുന്നു. കേരളത്തിലെ പ്രമുഖ സംരഭകരെയും, ഭരണ രംഗത്തെ പ്രമുഖരെയും ഉള്‍പ്പെടുത്തി മീറ്റ് ദി ലെജന്‍ഡ് എന്ന സീരിസിന്റെ തുടര്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഷാനവാസ് ബാവ പറഞ്ഞു

 

Most Popular