ദോഹ: കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് ആഗസ്ത് 1 മുതലുള്ള വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്‍ഡിഗോ ആണ് ആഗസ്ത് 1 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ഖത്തര്‍ എയര്വെയ്സ്് ആഗസ്ത് അഞ്ച് മുതലാണ് ബുക്കിങ് തുടങ്ങിയിരിക്കുന്നത്.
ഇന്‍ഡിഗോ വിമാനത്തിന് തിരുവനന്തപുരത്തു നിന്നു ബോംബെ വഴി രാത്രി 14,164 രൂപ ആണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട് നിന്ന് 15,866 രൂപയും കൊച്ചിയില്‍ നിന്ന് 15,329 രൂപയുമാണ് വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള നിരക്ക്.
ഖത്തര്‍ എയര്‍വെയ്സ് വെബ്സൈറ്റില്‍ ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരത്തു നിന്നു ദോഹയിലേക്കുള്ള ടിക്കറ്റ് നിരക്ക് 67,758 രൂപയാണ്. കോഴിക്കോട് നിന്ന് 67043 രൂപയും കൊച്ചിയില്‍ നിന്ന് 34,938 രൂപയുമാണ് നല്‍കേണ്ടത്.
ടിക്കറ്റ് ബുക്ക് ചെയ്യും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക
ആഗസ്ത് മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ആരംഭിക്കുമെന്ന് ഖത്തര്‍ നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, കൊവിഡ് വ്യാപനം കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുകയെന്നും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് വന്‍തോതില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആഗസ്തില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ യാത്ര സാധ്യമാകുമോ എന്ന് വ്യക്തമല്ല.
ഖത്തറിലെത്തുന്നവര്‍ 14 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാരന്റീനില്‍ കഴിയേണ്ടതുണ്ട്. നിലവില്‍ 3500 റിയാലില്‍ ഏറെയാണ് ഹോട്ടല്‍ നിരക്ക്. ഹോട്ടല്‍ ബുക്കിങ് രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ ഖത്തറിലേക്ക് യാത്ര ചെയ്യാനാവൂ. യാത്രയ്ക്ക് ഖത്തര്‍ അധികൃതരില്‍ നിന്നുള്ള പ്രത്യേക അനുമതിയും വേണ്ടതുണ്ട്.