ദോഹ: കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓള്‍ കേരള സെവന്‍സ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സീസണ്‍ രണ്ട് വെള്ളിയാഴ്ച്ച ഖത്തര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്‌റ്റേഡിയം ഗ്രൗണ്ടില്‍ നടക്കും.
കേരളത്തിലെ പ്രഗല്‍ഭരായ 16 ടീമുകള്‍ മാറ്റുരക്കുന്ന ചാംപ്യന്‍ഷിപ്പിന്റെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ രാവിലെ 7 മണിക്ക് ആരംഭിക്കും. സെമി ഫൈനല്‍ മല്‍സരങ്ങള്‍ ഉച്ചയ്ക്ക് 1 മണിക്കാണ് തുടങ്ങുക. 30 മിനിറ്റ് വീതം നീളുന്ന കളിയില്‍ ജേതാക്കളാവുന്നവര്‍ക്ക് 6000 ഖത്തര്‍ റിയാലും റണ്ണേഴ്‌സ് അപ്പിന് 3000 ഖത്തര്‍ റിയാലും സമ്മാനമായി ലഭിക്കും.
വൈകീട്ട് 6 മണിക്ക് നടക്കുന്ന സമാപന ചടങ്ങുകളോടനുബന്ധിച്ച് കെഎഫ്എ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, കമ്പവലി, കളരിപ്പയറ്റ് എന്നിവയുള്‍പ്പെട്ട മാര്‍ച്ച്പാസ്റ്റ് നടക്കും. ഖത്തര്‍ മഞ്ഞപ്പടയുടെ സാന്നിധ്യവും മാര്‍ച്ച്പാസ്റ്റിന് കൊഴുപ്പേകും.
സമാപന ചടങ്ങില്‍ അഡ്വ. കെ എന്‍ എ ഖാദര്‍ എംഎല്‍എ, അബ്ദുല്ല പാറക്കല്‍ എംഎല്‍എ, വി സിയാലി ഹാജി, ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട് എംഡി മുഹമ്മദ് മൃണാള്‍സെന്‍, സീഷോര്‍ സിനോ ട്രക്ക് എംഡി മോഹിത് ധോണ്ട്, ലുലു റയ്യാന്‍ എംഡി ഖാലിദ് മിഹ്‌റാന്‍ തുടങ്ങി ദോഹയിലെ സാംസ്‌കാരിക, സാമൂഹിക, കായിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
കളികാണാനെത്തുന്നവര്‍ക്ക് ഗിഫ്റ്റ് വൗച്ചറുകളും നറുക്കെടുപ്പിലൂ എല്‍ഇഡി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഫുട്‌ബോള്‍ ടൂര്‍ണമെന്റിലൂടെ ലഭിക്കുന്ന തുക നാട്ടിലെ വിദ്യാഭ്യാസ, ജീവകാരുണ്യ, കായിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കാനാണു ലക്ഷ്യമിടുന്നത്. സീസണ്‍ വണ്ണില്‍ സമാഹരിച്ച തുക ഉപയോഗിച്ച് നിലവില്‍ കൊടുവള്ളി മണ്ഡലത്തിലെ 101 കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകളും നല്‍കുന്നുണ്ട്.
കൊടുവള്ളി ഫുട്‌ബോള്‍ അസോസിയേഷന്‍ ചെയര്‍മാന്‍ പി സി ഷരീഫ്, ചീഫ് കോഓഡിനേറ്റര്‍ ആബിദീന്‍ വാവാട്, രക്ഷാധികാരി മണ്ണങ്കര അബ്ദുറഹ്മാന്‍, ട്രഷറര്‍ സുഹൈല്‍ വട്ടോളി, അബ്ദുസ്സമദ്, ബിസ്മി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എംഡി മുഹമ്മദ് മൃണാള്‍ സെന്‍, കെഎംസിസി കൊടുവള്ളി മണ്ഡലം പ്രസിഡന്റ് പി വി ബഷീര്‍, കെഎംസിസി മണ്ഡലം ജനറല്‍ സെക്രട്ടറി നൗഫല്‍ മടവൂര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.