ഖത്തറില്‍ നിന്ന് ഉടന്‍ ഒരു സന്തോഷവാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പ്രതിരോധ മന്ത്രി

ദോഹ: ഖത്തറില്‍ നിന്ന് ഉടന്‍ ഒരു സന്തോഷ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രിയും ഉപപ്രധാന മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ. സന്തോഷ വാര്‍ത്തയ്ക്കായി കാത്തിരിക്കാനും ഉപ പ്രധാനമന്ത്രി പറഞ്ഞു.

ദോഹയില്‍ ഒരു പൊതു പരിപാടിക്കിടെ സംസാരിക്കവെയാണ് അല്‍ അതിയ്യ ഇക്കാര്യം പറഞ്ഞത്. ഖത്തര്‍ പ്രാദേശിക പത്രം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍, ഏത് വിഷയവുമായി ബന്ധപ്പെട്ടാണ് സന്തോഷ വാര്‍ത്തയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

അതേ സമയം, മൂന്ന് വര്‍ഷം മുന്‍പ് ഉപരോധം ആരംഭിച്ചത് മുതല്‍ രാജ്യത്തെ സാഹചര്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അല്‍ അതിയ്യ പറഞ്ഞു. ഖത്തറിന്റെ ശക്തമായ നയനിലപാടുകളും നയതന്ത്രനീക്കങ്ങളും കാരണം ഉപരോധം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാലയില്‍ നടന്ന ”ഖത്തറും 1000 ദിവസത്തെ ഉപരോധത്തില്‍ നിന്നുള്ള പാഠങ്ങളും” എന്ന സെഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.