ദോഹ: ഖത്തറും അയല്‍രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രതിസന്ധിക്ക് അടുത്ത ജിസിസി ഉച്ചകോടിയില്‍ പരിഹാരമാവുമെന്ന് കുവൈത്ത് പ്രധാനമന്ത്രി. ഡിസംബര്‍ 10ന് റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ സൗദി അറേബ്യ, യുഎഇ, ബഹ്‌റയ്ന്‍, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ രഞ്ജിപ്പിലെത്തുമെന്ന് കുവൈത്ത് പ്രധാനമന്ത്രി ശെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ് പറഞ്ഞു.
തുര്‍ക്കിയിലെ അനദോലു വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ‘മിഡില്‍ ഈസ്റ്റ് മോണിറ്റര്‍’ ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. പ്രശ്‌നപരിഹാരത്തിനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ് റിയാദില്‍ ചേരുന്ന ഗള്‍ഫ് ഉച്ചകോടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജിസിസി ഉച്ചകോടിക്ക് റിയാദ് വേദിയാകുന്നത്.
2017 ജൂണിലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റയ്ന്‍ എന്നീ അയല്‍രാജ്യങ്ങള്‍ തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. എന്നാല്‍ ഖത്തര്‍ ആരോപണം പല തവണ നിഷേധിച്ചിരുന്നു.
ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന 40ാമത് ജിസിസി ഉച്ചകോടി റിയാദില്‍ നടക്കുന്ന കാര്യം ഇന്നലെ ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പ്രഖ്യാപിച്ചിരുന്നു. യോഗത്തില്‍ അംഗരാജ്യങ്ങള്‍ തമ്മിലുള്ള യോജിപ്പിന്റെ കാര്യം ചര്‍ച്ചയാവുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നേരത്തേ ഉച്ചകോടി യുഎഇയില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. സൗദിയിലേക്ക് മാറ്റിയതിന്റെ കാരണം വ്യക്തമല്ല. ഖത്തര്‍, സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ബഹ്‌റയ്ന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷം റിയാദില്‍ ജിസിസി ഉച്ചകോടി നടന്ന ഉച്ചകോടിയില്‍ പ്രശ്‌നപരിഹാരത്തിനുള്ള നിര്‍ദേശങ്ങളൊന്നും ഉയര്‍ന്നുവന്നിരുന്നില്ല.
ഗള്‍ഫ് നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹിമാന്‍ ആല്‍ ഥാനി കഴിഞ്ഞ മാസം സൗദിയില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍, റോയിട്ടേഴ്സ് എന്നീ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദോഹയില്‍ നടക്കുന്ന അറബ് ഗള്‍ഫ് കപ്പ് ടൂര്‍ണമെന്റില്‍ ഉപരോധ രാജ്യങ്ങള്‍ പങ്കെടുക്കാനെത്തിയതും പ്രശ്‌ന പരിഹാരത്തിന്റെ സൂചന നല്‍കിയിരുന്നു.
ഗള്‍ഫ് കപ്പില്‍ അയല്‍രാജ്യങ്ങള്‍ പങ്കെടുക്കാനെത്തിയതും അതിന് പിന്നാലെ നടക്കുന്ന ജിസിസി ഉച്ചകോടിയും ശുഭസൂചന നല്‍കുന്നുവെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു.