ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഒമാനെ വീഴ്ത്തി കുവൈത്ത് കപ്പടിച്ചു

kuwait womens cricket team

ദോഹ: ഖത്തര്‍ ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ത്രിരാഷ്ട്ര വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കുവൈത്ത് ജേതാക്കളായി. ഫൈനലില്‍ ഒമാനെ 7 വിക്കറ്റിനാണ് കുവൈത്ത് പരാജയപ്പെടുത്തിയത്.

ഡബിള്‍ റൗണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ഒമാന്‍ മൂന്ന് വിജയവും ഒരു പരാജയവുമായാണ് കലാശക്കളിക്ക് യോഗ്യത നേടിയത്. കുവൈത്ത് രണ്ട് പരാജയവും രണ്ട് വിജയവും നേടിയിരുന്നു. മൂന്ന് കളികളില്‍ തോറ്റ ആതിഥേയരായ ഖത്തര്‍ നേരത്തേ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ആറ് വിക്കറ്റ് നഷ്ടത്തിന് 93 റണ്‍സ് നേടി. തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ കുവൈത്തിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും മലയാളിയായ പ്രിയദ മുരളിയും അംന ഷരീഫും ചേര്‍ന്നുള്ള രണ്ടാംവിക്കറ്റ് കൂട്ടുകെട്ട് ടീമിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. 19 ബോള്‍ ബാക്കി നില്‍ക്കേ കുവൈത്ത് ലക്ഷ്യം നേടി. ഏഴ് വിക്കറ്റിന്റെ ജയമാണ് കുവൈത്ത് നേടിയത്.

ആദ്യമായി വനിതാ ട്വന്റി ക്രിക്കറ്റ് കളിക്കാനിറങ്ങിയ ഖത്തര്‍ ടീമിന് നാല് മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായത്. ആദ്യ ദിനത്തില്‍ കുവൈത്തിനെതിരായ മല്‍സരത്തില്‍ ഒരു വിക്കറ്റിനാണ് ഖത്തര്‍ ജയിച്ചത്.