ക്വിക്ക് രണ്ടാം വാര്‍ഷികം ആഘോഷിച്ചു

ദോഹ: കേരള വുമണ്‍സ് ഇനീഷ്യേറ്റീവ് ഖത്തറിന്റെ (ക്വിക്ക്) രണ്ടാം വാര്‍ഷികാഘോഷം ‘അഹ്‌ലന്‍ കേരള’ ശ്രദ്ധേയമായി. അല്‍ മഅ്മൂറയിലെ ഫിനിക്സ് സ്‌കൂളില്‍ നടന്ന ആഘോഷം ചാലിയാര്‍ ദോഹ സാരഥിയും ഖത്തര്‍ ഇന്‍കാസ് നേതാവുമായ ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. ക്വിക്ക് പ്രസിഡന്റ് സെറീന അഹദ് അധ്യക്ഷയായിരുന്നു. ചടങ്ങില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് ഉപഹാരം നല്‍കി. പ്രസിഡന്റ് സെറീന അഹദിനെ ക്വിക്ക് സ്ഥാപക അംഗങ്ങള്‍ ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.

ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സത്താര്‍, അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് പ്രതിനിധി സുനെയ്‌ന, രക്ഷാധികാരി ശ്രീദേവി ജോയി, ജനറല്‍ സെക്രട്ടറി അഞ്ജു, പ്രോഗ്രാം കണ്‍വീനര്‍ ലിജി രതീഷ്, സാംസ്‌കാരിക വിഭാഗം സെക്രട്ടറി ശീതള്‍, ബിനി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

മലബാറിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെത്തിയ അറബ് പൗരനും കുടുംബവും മലബാര്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതും കേരളത്തിന്റെ പതിനാല് ജില്ലകളും സന്ദര്‍ശിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. കഥകളി, തെയ്യം, ഒപ്പന, തിരുവാതിര, മാര്‍ഗം കളി തുടങ്ങിയ തനത് കലാരൂപങ്ങളിലൂടെ കേരളത്തിന്റെ ഗ്രാമീണത പ്രതിഫലിപ്പിച്ച് ആധുനിക കേരളത്തിന്റെ ഫാഷന്‍ തരംഗം ആസ്പദമാക്കി നടത്തിയ ബ്രൈഡല്‍ ഫാഷന്‍ ഷോയോടെയാണ് പരിപാടികള്‍ സമാപിച്ചത്.

കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുളള നൂറിലധികം പേര്‍ അവതരിപ്പിച്ച 25 ലധികം കലാപരിപാടികളാണ് നടന്നത്.