ശമ്പളം വൈകി; മുശൈരിബില്‍ തൊഴിലാളികളുടെ പ്രതിഷേധം; കമ്പനികള്‍ക്കെതിരേ നടപടിയുമായി തൊഴില്‍ മന്ത്രാലയം

workers stage protest in Msheireb

ദോഹ: ശമ്പളം വൈകിയതിനെ തുടര്‍ന്ന് മുശൈരിബ് ഏരിയയില്‍ ഏതാനും തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. വെള്ളിയാഴ്ച്ച സമാധാനപരമായ പ്രതിഷേധമാണ് നടന്നതെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ഇതേ തുടര്‍ന്ന് മന്ത്രാലയം അടിയന്ത്രമായി ഇടപെട്ട് അന്വേഷണം നടത്തി. ഒരു സ്വകാര്യ കമ്പനിയുടെ കീഴിലാണ് ഇവര്‍ പ്രവര്‍ത്തിച്ചികൊണ്ടിരുന്നതെന്നും ശമ്പളം ഉടനടി നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ മന്ത്രാലയം കമ്പനി ഉടമകളോട് ആവശ്യപ്പെട്ടതായും അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വേതന സംരക്ഷണ നിയമം ലംഘിച്ചതിന് കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കും. പ്രതിഷേധം സമാധാനപരമായിരുന്നതിനാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഖത്തറില്‍ തൊഴിലാളികളുടെ ക്ഷേമത്തിനും കൃത്യമായ വേതനം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താനുമായി ആരംഭിച്ച വെജ് പ്രൊട്ടക്ഷന്‍ സംവിധാനം ബന്ധപ്പെട്ട സ്വകാര്യ കമ്പനി ലംഘിച്ചു എന്ന് കണ്ടെത്തിയാല്‍ ഉടനടി നടപടികള്‍ ഉണ്ടാകും. കൊവിഡ് മൂലം തൊഴിലാളികള്‍ക്ക് ആവശ്യമായ പരിരക്ഷകള്‍ നല്‍കാന്‍ തൊഴില്‍ ഉടമകള്‍ അലംഭാവം കാണിക്കുന്നതായി കണ്ടെത്തിയാല്‍ കൃത്യമായ നിയമ നടപടികളിലേക്ക് കടക്കുമെന്നും തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ 92727 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ പ്രയാസപ്പെടുന്ന കമ്പനികള്‍ക്ക് അമീര്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായ പദ്ധതിയുടെ ആനുകൂല്യം തേടാവുന്നതാണ്.

Labour ministry steps in as workers stage protest in Msheireb over delayed salary