Friday, October 7, 2022
HomeNewsലക്ഷദ്വീപ്- അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് ഭരണഘടനാ വിരുദ്ധം: ഖത്തർ കേരള ഇസ്‌ലാഹി സെൻറർ

ലക്ഷദ്വീപ്- അഡ്മിനിസ്ട്രേറ്റർ നടത്തുന്നത് ഭരണഘടനാ വിരുദ്ധം: ഖത്തർ കേരള ഇസ്‌ലാഹി സെൻറർ

ദോഹ:ലക്ഷദ്വീപ് സമൂഹത്തിന് ഭരണഘടനാപരമായി ലഭിച്ച് കൊണ്ടിരിക്കുന്ന അവകാശങ്ങൾ ഹനിക്കുന്ന അഡ്മിനിസ്ട്രേറ്ററുടെ അതിക്രമം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ഖത്തർ കേരള ഇസ്ലാഹി സെൻറർ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ദ്വീപ് സമൂഹത്തിൻ്റെ പ്രത്യേകമായ പദവികളോ, സാംസ്കാരികമായ സവിശേഷതകളോ പരിഗണിക്കാതെയുള്ള അദ്ദേഹത്തിൻ്റെ ഇടപെടൽ ഒരു സമൂഹത്തെ സാംസ്കാരികമായി ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത ഉപജീവനമാർഗങ്ങൾ നിർത്തലാക്കിയും, അന്യായമായി സർക്കാർ മേഖലയിലെ തൊഴിലിൽ നിന്നും ജനങ്ങളെ പിരിച്ച് വിട്ടും അദ്ദേഹം നടത്തിയ ഉത്തരവുകൾ കടുത്ത അനീതിയാണ്. ദ്വീപിൻ്റെ പ്രകൃതി സൗന്ദര്യം ഉൾക്കൊള്ളാതെയും, ജനഹിതം മാനിക്കാതെയും ഉള്ള അദ്ദേഹത്തിൻ്റെ നീക്കങ്ങൾ അവസാനിപ്പിക്കാൻ ജനാധിപത്യ സമൂഹം അടിയന്തിര നടപടി സ്വീകരിക്കണമെന്നും സംഘടനാ ആവശ്യപ്പെട്ടു.

ജില്ലാ പഞ്ചായത്തിൻ്റെ വെട്ടി കുറച്ച അധികാരങ്ങൾ തിരിച്ച് നൽകാനും, ദ്വീപ് സമൂഹത്തിൻ്റെ സ്വൈരവിഹാരത്തിന് വെല്ലുവിളിയായ അഡ്മിനിസ്ട്രേറ്ററെ തിരിച്ച് വിളിച്ച് രാഷ്ട്രീയ നിയമനത്തിന് പകരം ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കാനും കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് ഭാരവാഹികൾ പറഞ്ഞു. ദ്വീപ് സമൂഹത്തോട് കാണിക്കുന്ന ഈ അനീതിക്കെതിരെ കേരളീയ സമൂഹം പ്രതികരിക്കണമെന്നും, ഈ അനീതി അവസാനിപ്പിക്കാൻ കേരള സർക്കാർ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും ക്യു.കെ.ഐ.സി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Most Popular