Thursday, January 20, 2022
HomeNewsfeedഖത്തറില്‍ ഏറ്റവും വലിയ ഡയാലിസിസ്, പ്രമേഹ കേന്ദ്രം വരുന്നു

ഖത്തറില്‍ ഏറ്റവും വലിയ ഡയാലിസിസ്, പ്രമേഹ കേന്ദ്രം വരുന്നു

ദോഹ: ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ സജ്ജീകരിച്ച കൂറ്റന്‍ ഡയാലിസിസ്, പ്രമേഹ കേന്ദ്രം ഖത്തറില്‍ ഒരുങ്ങുന്നു. അല്‍ വഅബ് ഡയാലിസിസ് ആന്റ് ഡയബറ്റിസ് സെന്ററിന്റെ ശിലാഫലകം ശൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിം, ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി എന്നിവര്‍ ചേര്‍ന്ന് അനാഛാദനം ചെയ്തു.

അബ്‌നാ മുഹമ്മദ് അല്‍ മന റിയല്‍ എസ്‌റ്റേറ്റിന്റെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രം നിര്‍മിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരേ സമയം 90 പേര്‍ക്ക് ഇവിടെ ചികില്‍സ തേടാനാവും.

ഔട്ട്‌പേഷ്യന്റ് വിഭാഗത്തില്‍ 78 ഡയാലിസിസ് യൂനിറ്റുകള്‍, മൂന്ന് വിഐപി യൂനിറ്റുകള്‍, മൂന്ന് പെരിറ്റോണിയല്‍ ഡയലാസിസ് യൂനിറ്റുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ജനറല്‍ നെഫ്രോളജി, ഒഫ്താല്‍മോളജി, കാര്‍ഡിയോളജി, ഹോം ഡയാലിസിസ്, പോഡിയാട്രി, റീഹാബിലിറ്റേഷന്‍, ഡയറ്ററി, ഫിസിയോതെറാപ്പി തുടങ്ങിയ വിഭാഗങ്ങളും സെന്ററിലുണ്ടാവും.

പ്രമേഹ ചികില്‍സയ്ക്ക് വിശാലമായ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. എട്ട് ഡയബറ്റിക് സ്റ്റേഷനുകള്‍, പ്രത്യേകമായ ഐവി ക്ലിനിക്ക് റൂം, മൂന്ന് രോഗനിര്‍ണയ സ്റ്റഏഷുകള്‍, മൂന്ന് ചികില്‍സാ സ്‌റ്റേഷനുകള്‍, രണ്ട് ഡയറ്റീഷ്യന്‍ കണ്‍സള്‍ട്ടിങ് മുറികള്‍, ഇന്‍ജക്ഷന്‍ തെറാപ്പി ക്ലിനിക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ശില്‍പ്പഭംഗിയോട് കൂടിയാണ് ആശുപത്രി കെട്ടിടം നിര്‍മിക്കുക. ഹോട്ടലിന്റെ രൂപത്തില്‍ ഒരുക്കുന്ന സെന്ററില്‍ എളുപ്പത്തില്‍ രോഗശമനം കിട്ടുന്ന അന്തരീക്ഷമായിരിക്കും ഒരുക്കുക.

Most Popular