ഖത്തര്‍ ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്; ആവേശത്തില്‍ സ്ത്രീകളും

Qatar Shura council election voting1

ദോഹ: ഖത്തറില്‍(Qatar) ആദ്യമായി നടക്കുന്ന ശൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍(Shura Council election) സമ്മതിദാനാവകാശം നിര്‍വഹിക്കാന്‍ വന്‍തിരക്ക്. രാവിലെ മുതല്‍ ബൂത്തുകളില്‍ ഖത്തരി പൗരന്മാര്‍ വലിയ ആവേശത്തോടെയാണ് എത്തിച്ചേര്‍ന്നത്. സ്ത്രീവോട്ടര്‍മാരുടെയും ശക്തമായ സാന്നിധ്യമുണ്ട്.

30 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 29 പോളിങ് സ്‌റ്റേഷനുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 229 സ്ഥാനാര്‍ഥികളില്‍ 26 പേര്‍ വനിതകളാണ്.

വളരെ വേഗത്തിലും ലളിതവുമായാണ് വോട്ടിങ് പ്രക്രിയ പുരോഗമിക്കുന്നത്. വെരിഫിക്കേഷനും ബാലറ്റ് പേപ്പര്‍ സ്വീകരിക്കലും കഴിഞ്ഞ് വോട്ട് ചെയ്യുന്നതുവരെയുള്ള നടപടികള്‍ക്ക് ഏതാനും മിനിറ്റുകള്‍ മാത്രമാണ് എടുക്കുന്നത്.
Qatar Shura council election voting2

പോളിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിരവധി വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വൊളന്റിയര്‍മാരും വോട്ടിങ് സുഗമമായി നടത്തുന്നതിന് സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു.

വലിയ ഹാളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകമായാണ് വോട്ടിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രവേശന കവാടത്തില്‍ ഇഹ്തിറാസ് ആപ്പ് കാണിക്കണം. ശേഷം വെരിഫിക്കേഷന്‍ കൗണ്ടറില്‍ നിന്ന് വോട്ടറുടെ തിരിച്ചറിയല്‍ പൂര്‍ത്തിയാക്കി സ്ലിപ്പ് കരസ്ഥമാക്കാം. തുടര്‍ന്ന് മറ്റൊരു കൗണ്ടറില്‍ നിന്നാണ് ബാലറ്റ് ലഭിക്കുക. രഹസ്യമായി വോട്ട് രേഖപ്പെടുത്തുന്നതിന് നിശ്ചിത സ്ഥലം ക്രമീകരിച്ചിട്ടുണ്ട്.
Qatar Shura council election voting3

തിരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്കും പ്രത്യേക സ്ഥലസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുതാര്യത ഉറപ്പ് വരുത്തുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് പോളിങ് ഓഫിസര്‍ ബാലറ്റ് ബോക്‌സുകള്‍ കാലിയാണെന്ന കാര്യം സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് അവരുടെ മുന്നില്‍ വച്ച് തന്നെ സീല്‍ ചെയ്യുകയും ചെയ്തു.
ALSO WATCH