ലിമോസിന്‍ കമ്പനിയുടെ ദ്രോഹത്തില്‍ കുടുങ്ങി 10 മാസമായി പുറത്തിറങ്ങാന്‍ പോലുമാവാതെ തൃശൂര്‍ സ്വദേശി(Video Report)

ദോഹ: ഖത്തറില്‍ 11 വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന തൃശൂര്‍ സ്വദേശി മൂന്ന് മലയാളികള്‍ തീര്‍ത്ത വഞ്ചനയുടെയും പ്രതികാരബുദ്ധിയുടെയും വലയില്‍ കുടുങ്ങി നട്ടംതിരിയുന്നു.

തൃശൂര്‍ മണ്ണുത്തി സ്വദേശി ബഷീര്‍ ചേരാനല്ലൂര്‍ ആണ് അബ്‌സ്‌കോണ്ടിങ് ആയതിന്റെ പേരില്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത രീതിയില്‍ കുടുങ്ങിക്കിടക്കുന്നത്. 11 വര്‍ഷത്തോളം ജപ്പാന്‍ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബഷീര്‍ രണ്ടു കുരുക്കുകളിലാണ് ഒരേ സമയം പെട്ടുപോയത്.

ജപ്പാന്‍ ഗ്യാസ് കമ്പനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കേയാണ് അഞ്ച് വര്‍ഷം മുമ്പ് ബഷീര്‍ ഹമീദ് പയ്യോളി എന്നയാള്‍ക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച്് 75,000 റിയാല്‍ നല്‍കുന്നത്. ബഷീര്‍ ജോലി ചെയ്തിരുന്ന കമ്പനിയിലെ മാനേജരുടെ പരിചയക്കാരന്‍ എന്ന നിലയ്ക്കായിരന്നു പണം നല്‍കിയത്. എന്നാല്‍, പണം വാങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഹമീദ് മുങ്ങി.

ഹമീദ് നല്‍കിയ ചെക്കിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്‌തെങ്കിലും കമ്പനി 50 ശതമാനം ഓഹരി ഉള്ള ആള്‍ അത് വേറെ പേരിലേക്ക് മാറ്റി പാപ്പര്‍ ഹരജി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് പണം തിരിച്ചുകിട്ടിയില്ല. നാട്ടില്‍ അന്വേഷിച്ചപ്പോള്‍ പണവുമായി മുങ്ങിയ ഹമീദ് വര്‍ഷങ്ങളായി വീട്ടിലേക്ക് വന്നിട്ടില്ലെന്നാണ് മനസ്സിലാവുന്നത്.

ബിസിനസില്‍ ഇടാനും മറ്റുമായി ലോണ്‍ എടുത്ത പണം ബാങ്കില്‍ അടച്ചുകൊണ്ടിരിക്കേയാണ് ബഷീറിന്റെ ജോലി നഷ്ടപ്പെട്ടത്. പെട്രോമെക് കമ്പനിയിലെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ബഷീര്‍ ജോലിക്ക് കയറിയ ലിമോസില്‍ കമ്പനി ചില തര്‍ക്കങ്ങളുടെ പേരില്‍ ബഷീറിന് ജോലി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന്
ബാങ്കിലെ അടവ് മുടങ്ങുകയും ബഷീറിനെതിരേ ലോണുമായി ബന്ധപ്പെട്ട കേസ് വരികയും ചെയ്തു. കേസില്‍ ബഷീറിന് മൂന്ന് വര്‍ഷം തടവും ഗാരന്ററായി നിന്ന ഭാര്യയ്ക്ക് ആറ് മാസം തടവും വിധിച്ചിരുന്നു. ഇതില്‍ സാമൂഹിക സംഘടനകള്‍ ഇടപെട്ട് പണം സമാഹരിക്കുകയും 51,000 റിയാല്‍ ബാങ്കില്‍ അടച്ച് പ്രശ്‌നം പരിഹരിക്കുകയും ചെയ്തു.

ലോണ്‍ പ്രശ്‌നം പരിഹിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിമോസിന്‍ കമ്പനി ബഷീനെതിരേ അബ്‌സ്‌കോണ്ടിങ് കേസ് കൊടുത്ത് കൂടുതല്‍ കുരുക്കിലേക്ക് ചാടിച്ചിരിക്കുകയാണ്.

ഖത്തരി ഉടമസ്ഥതയിലുള്ള കമ്പനി നടത്തുന്നത് തൃശൂര്‍ ചാവക്കാട് സ്വദേശികളായ സഹോദരങ്ങളാണ്. മാസം 3200 റിയാല്‍ അടച്ചാല്‍ നാല് വര്‍ഷം കഴിഞ്ഞ് വാഹനം ബഷീറിന്റെ പേരിലാവും എന്നായിരുന്നു കരാര്‍. എന്നാല്‍, ഒരു വര്‍ഷത്തോളം പണം അടച്ചുകഴിഞ്ഞപ്പോഴാണ് കരാറില്‍ അങ്ങിനെ ഒരു വ്യവസ്ഥ ഇല്ലെന്ന് അറിയുന്നത്. അതിനിടയിലാണ് അതേ ലിമോസിന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തന്റെ ബന്ധുവും സുഹൃത്തുമായ രണ്ടുപേരുടെ വിഷയത്തില്‍ ബഷീര്‍ ഇടപെടുന്നത്. ഒരാള്‍ ഉമ്മ മരിച്ചതിന്റെ പേരിലും മറ്റേയാള്‍ ഭാര്യ ഡൈവോഴ്‌സ് നോട്ടീസ് നല്‍കിയതിന്റെ പേരിലും നാട്ടില്‍ പോകാന്‍ അനുമതി ചോദിച്ചിട്ടും നല്‍കാത്തതിന്റെ വിഷയമാണ് ബഷീര്‍ ചോദ്യം ചെയ്തത്. ഇതിന്റെ പേരില്‍ ബഷീറിനെ മലയാളികളായ കമ്പനി നടത്തിപ്പുകാര്‍ വിളിപ്പിച്ച് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസ് ഫയല്‍ ചെയ്‌തെങ്കിലും പ്രശ്‌നം പരിഹരിക്കാമെന്ന ഉറപ്പില്‍ കേസ് പിന്‍വലിച്ചു.

എന്നാല്‍, തുടര്‍ന്നും പ്രശ്‌നം പരിഹരിക്കാതായതിനെ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകനായ നവാഫിന്റെ സഹായത്തോടെ ലേബര്‍ റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ പരാതി നല്‍കി. എന്നാല്‍, മറ്റു രണ്ടുപേരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ബഷീറിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അവിടെയും പരാതി പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നതിന് പകരം കമ്പനി നടത്തിപ്പുകാരായ മലയാളികളുടെ വൈരാഗ്യ ബുദ്ധിയില്‍ ബഷീറിനെ ഇപ്പോള്‍ അബ്‌സ്‌കോണ്ട് ചെയ്തിരിക്കുകയാണ്(കമ്പനിയില്‍ നിന്ന് ചാടിപ്പോയി എന്ന് അധികൃതര്‍ക്ക് പരാതി നല്‍കുക).

10 മാസത്തോളമായി അബ്‌സ്‌കോണ്ടിങ് ചെയ്യപ്പെട്ട ബഷീറിന് പോലിസ് പിടികൂടുമെന്ന ഭയംമൂലം വീട്ടില്‍ നിന്ന് ധൈര്യപൂര്‍വ്വം പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്. എംബസിയില്‍ പല തവണ പരാതി നല്‍കിയെങ്കിലും ലിമോസിന്‍ നടത്തിപ്പുകാരായ മലയാളികള്‍ വഴങ്ങാത്തത് മൂലമാണ് പ്രശ്‌നം പരിഹരിക്കപ്പെടാത്തത്. ഭാര്യയും ചെറിയ രണ്ട് പെണ്‍കുട്ടികളും ഇപ്പോള്‍ ബഷീറിനോടൊപ്പം ഖത്തറിലുണ്ട്. മകന്‍ നാട്ടിലാണ്. ഭാര്യയുടെ ചെറിയ വരുമാനത്തിലാണ് ബഷീറും കുടുംബവും ഇപ്പോള്‍ കഴിയുന്നത്. ബഷീറിന്റെ വിസയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെ ഐഡി പുതുക്കിയിട്ടില്ല. അബ്‌സ്‌കോണ്ടിങ് പ്രശ്‌നം പരിഹരിച്ച് കമ്പനി റീലീസ് നല്‍കണമെന്നാണ് ബഷീറിന്റെ ഇപ്പോഴത്തെ പ്രധാന ആവശ്യം. ഇതിന് സാധ്യമാവുന്നവര്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. പല ലിമോസിന്‍ കമ്പനികളും വാഹനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ഷങ്ങളോളം പണം വാങ്ങി വഞ്ചിക്കുന്നുണ്ടെന്ന് പ്രശ്‌ന പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന നവാഫ് ഗള്‍ഫ് മലയാളിയോട് പറഞ്ഞു.