ഖത്തറില്‍ നിന്നു പറന്നെത്തിയ ലിനോ അച്ചന്റെ സംസ്‌കാരച്ചടങ്ങുകള്‍ കണ്ടത് ഐസൊലേഷന്‍ വാര്‍ഡില്‍ വീഡിയോ കോളിലൂടെ

lino covid

ദോഹ: മാര്‍ച്ച് 9ന് രാത്രി 10.30നാണ് ലിനോ ആബേലിന്റെ പിതാവ് ആലക്കോട് തോണിക്കല്ലേല്‍ ആബേല്‍ ഔസേപ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ അന്ത്യശ്വാസം വലിച്ചത്. എന്നാല്‍, തൊട്ടുമുമ്പത്തെ ദിവസം ഖത്തറില്‍ നിന്നെത്തിയ ലിനോയ്ക്ക് അവസാനമായി പിതാവിനെ ഒരു നോക്ക് കാണാന്‍ പോലും സാധിച്ചില്ല. കൊറോണ ബാധ സംശയിച്ച് അതേ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു ലിനോ. അടുത്ത ദിവസം പിതാവിന്റെ സംസ്‌കാര ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ കണ്ണീരോടെ കാണാന്‍ മാത്രമേ ലിനോയ്ക്ക് കഴിഞ്ഞുള്ളു.

അച്ചന്‍ ആ രാത്രി സ്‌ട്രോക്ക് വന്ന് മരിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് എനിക്ക് അദ്ദേഹത്തെ കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് ഈ സാഹചര്യത്തില്‍ അത് ഉചിതമല്ല എന്നായിരുന്നു മറുപടി. എനിക്ക് കരയാന്‍ മാത്രമേ കഴിഞ്ഞുള്ളു. തൊട്ടടുത്തായിട്ടും അദ്ദേഹത്തെ കാണാന്‍ കഴിയില്ലെന്നത് അങ്ങേയറ്റം വേദനയുളവാക്കുന്നതായിരുന്നു- വ്യാഴാഴ്ച്ച ഐസൊലേഷന്‍ വാര്‍ഡിലിരുന്ന് ആബേല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മാര്‍ച്ച് 7നാണ് പിതാവ് ബെഡ്ഡില്‍ നിന്ന് വീണ് ആശുപത്രിയിലായതായി സഹോദരനില്‍ നിന്ന് വിവരം ലഭിച്ചത്. ഗുരുതാരവസ്ഥയിലായ അദ്ദേഹത്തെ തൊടുപുഴയില്‍ നിന്ന കോട്ടം മെഡിക്കല്‍ കോളജിലെത്തിച്ചു. ഖത്തറില്‍ ബീഗ്ലോബല്‍ പ്രൊഡക്ഷനില്‍ ജോലിക്കാരനായ ആബേല്‍ തൊട്ടടുത്ത ദിവസം കൊച്ചി എയര്‍പോര്‍ട്ടിലെത്തി. ശരീര താപനില സാധാരണ നിലയില്‍ ആയിരുന്നെങ്കിലും ലിനോ എന്‍95 മാസ്‌ക്ക് ധരിച്ചിരുന്നു.

ലിനോ ആശുപത്രിയില്‍ എത്തിയെങ്കിലും വെന്റിലേറ്ററില്‍ അദ്ദേഹത്തെ കാണേണ്ടെന്ന സഹോദരന്‍ ഉപദേശിച്ചു. തുടര്‍ന്ന് ചുമയും തൊണ്ട വേദനയും അനുഭവപ്പെട്ട ലിനോ ഡോക്ടറെ കണ്ട് സ്വയം ഐസൊലേഷന്‍ വാര്‍ഡില്‍ അഡ്മിറ്റാവുകയായിരുന്നു. അന്ന് രാത്രിയാണ് പിതാവ് മരിച്ചത്. പിറ്റേ ദിവസം ആംബുലന്‍സില്‍ പിതാവിന്റെ മൃതദേഹം കൊണ്ടു പോവുന്നത് ഐസൊലേഷന്‍ വാര്‍ഡിലെ ജനലിലൂടെ ലിനോ നോക്കി നിന്നു.

കോട്ടയം മെഡിക്കല്‍കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് ശനിയാഴ്ച ഉച്ചയോടെയാണ് ലിനോ ആബേലിനെ കാണാന്‍ ഡോക്ടറെത്തിയത്. നല്ല വാര്‍ത്തയുണ്ട്. പരിശോധനാഫലം വന്നു. നെഗറ്റീവാണ്. വൈറസ് ബാധിച്ചിട്ടില്ല. രോഗമില്ലെന്ന് സ്ഥിരീകരിച്ച ലിനോ ആദ്യം ഓടിയെത്തിയത് അച്ഛന്റെ അരികിലേക്കായിരുന്നു. കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിലെ അച്ഛനുറങ്ങുന്ന കുഴിമാടത്തിനുമുന്നില്‍ മുട്ടുകുത്തിനിന്ന് മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചു. ഒന്നു കരയാന്‍ പോലുമാകുന്നില്ലല്ലോയെന്ന ലിനോയുടെ ഗദ്ഗദത്തിനുമുന്നില്‍ സുഹൃത്തുക്കളുടെ ആശ്വാസവചനങ്ങള്‍ക്ക് വഴിമുട്ടി.

മറ്റൊരാളിലേക്ക് രോഗം പകരരുതെന്ന ദൃഢനിശ്ചയമായിരുന്നു ഈ തീരുമാനത്തിന് പിന്നിലെന്ന് ലിനോ പറയുന്നു. വിദേശത്ത് നിന്നെത്തുന്ന എല്ലാ ഇന്ത്യക്കാരും മറ്റുള്ളവരെ കരുതി സ്വയം പരിശോധനയ്ക്ക് മുന്നോട്ട് വരണമെന്നും ലിനോ ഉപദേശിച്ചു.

നിരീക്ഷണത്തിലായതിനാല്‍ അച്ഛന്റെ മൃതദേഹം ഒരുനോക്ക്കാണാനാകാതിരുന്ന ലിനോയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ ജാഗ്രതയെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചിരുന്നു.