തൊഴിലന്വേഷകര്‍ക്ക് സൗജന്യ ടാക്‌സി സേവനം: ലിന്റോ തോമസിന് ഐസിബിഎഫ് ഓണററി മെമ്പര്‍ഷിപ്പ്

icbf qatar

ദോഹ: മലയാളിയായ ലിന്റോ തോമസിന് മാനുഷിക സേവനം പരിഗണിച്ച് ഐസിബിഎഫ് ഓണററി മെമ്പര്‍ഷിപ്പ് നല്‍കി. ഖത്തറില്‍ തൊഴില്‍ തേടുന്നവര്‍ക്ക് സൗജന്യ ടാക്സി സര്‍വീസ് ഒരുക്കിയാണ് എറണാകളും മലയാറ്റൂര്‍ സ്വദേശിയായ ലിന്റോ തോമസ് ശ്രദ്ധ നേടിയത്. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ടാക്സി വിളിക്കാന്‍ പണമില്ലാതെ നടന്നും ബസിലും തൊഴില്‍ തേടി ഓഫിസുകള്‍ കയറിയിറങ്ങുന്നവര്‍ക്കാണ് ലിന്റോ തോമസ് സേവനം നല്‍കുന്നത്.

ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന ലിന്റോ തന്റെ ജോലിക്കിടയിലെ ഒഴിവുസമയങ്ങളാണ് മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കുന്നത്. 13 വര്‍ഷം മുമ്പ് ജോലി തേടി ഖത്തറിലെത്തിയ ലിന്റോയ്ക്ക് ആദ്യ കാലത്തുണ്ടായ അനുഭവങ്ങളാണ് ഇങ്ങിനെയൊരു സേവനത്തിന് പ്രേരിപ്പിച്ചത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ തന്റെ അമ്മയാണ് പ്രചോദനമെന്ന് ലിന്റോ പറയുന്നു.

ഐസിബിഎഫ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഐസിബിഎഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ ഓണററി മെമ്പര്‍ഷിപ്പ് കൈമാറി. മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധികളും സഹ സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. ചടങ്ങില്‍ ലിന്റോ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ പ്രയാസപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ഐസിബിഎഫ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് സിയാദ് ഉസ്മാന്‍ പറഞ്ഞു.