ദോഹ: പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഖത്തര്‍ റീഹാബിലിറ്റേഷന്‍ സൊസൈറ്റിക്ക്(ക്യുഎസ്ആര്‍എസ്എന്‍) സഹായ ഹസ്തവുമായി ലുലു ഹൈപര്‍ മാര്‍ക്കറ്റ്. വൈദ്യോപകരണങ്ങള്‍ വാങ്ങുന്നതിനുള്ള സഹായമാണ് ലുലു കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍ബിലിറ്റിയുടെ ഭാഗമായി നല്‍കിയത്.
ലക്ഷം റിയാലിന്റെ ചെക്ക് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് ഡിറിങ് റോഡിലെ ലുലു റീജ്യനല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന ചടങ്ങില്‍ ക്യുഎസ്ആര്‍എസ്എന്‍ ബോര്‍ഡ് അംഗം താലിബ് അബ്ദുല്ല അഫീഫയ്ക്ക് കൈമാറി. പ്രമുഖര്‍ സംബന്ധിച്ചു.
പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് സുരക്ഷിത ബോധം സൃഷ്ടിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരികയും ചെയ്യുന്നതിനുള്ള ക്യുഎസ്ആര്‍എസ്എന്‍ ശ്രമങ്ങള്‍ക്ക് ലുലു നല്‍കുന്ന പിന്തുണയാണ് ഈ സഹായം.
ഖത്തര്‍ തൊഴില്‍ സാമൂഹിക ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ രണ്ട് പതിറ്റാണ്ട് മുമ്പ് ജീവകാരുണ്യ സംഘടനയായി പ്രവര്‍ത്തനമാരംഭിച്ചതാണ് ക്യുഎസ്ആര്‍എസ്എന്‍. പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെ സാമൂഹിക, മാനസിക, വിദ്യാഭ്യാസ, ആരോഗ്യ പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന നടത്തുന്നത്.