ഖത്തര്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് താല്‍ക്കാലിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു

lulu hyper industrial area

ദോഹ: കൊറോണ വ്യാപനം തടയുന്നതിന് അടച്ചിട്ടിരിക്കുന്ന ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വിവിധ ഭാഗങ്ങളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അവശ്യവസ്തുക്കള്‍ ലഭ്യമാകുന്ന താല്‍ക്കാലിക മൊബൈല്‍ സ്റ്റോറുകള്‍ തുറന്നു. വാണിജ്യ വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം.

പലചരക്ക് സാധനങ്ങള്‍, റെഡി ടു മേക്ക് ഭക്ഷണങ്ങള്‍, ദൈനംദിന അവശ്യ വസ്തുക്കള്‍ എന്നിവയാണ് ഇവിടെ നിന്ന് ലഭ്യമാവുക. അതേസമയം, കൊറോണ വൈറസ് വ്യാപനം മൂലമുള്ള നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി അവശ്യവസ്തുക്കള്‍ സമൂഹത്തിന് നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു.

നിരവധി പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് നമ്പര്‍ 1 മുതല്‍ 32 വരെയുള്ള ഭാഗങ്ങള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ അടിയന്തര വൈദ്യസേവനങ്ങളും ഭക്ഷണത്തിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്. ഖത്തര്‍ ചാരിറ്റിയുടെ സഹായത്തോടെയാണ് മേഖലയില്‍ കഴിയുന്ന പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നത്.

കൂടുതല്‍ താല്‍ക്കാലിക സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിട്ടുള്ളതായി ലുലു മാനേജ്‌മെന്റ് അറിയിച്ചു.

Lulu Hypermarket Qatar opens temporary stores in Industrial Area