വടക്കന്മാര്‍ക്ക് സംഗീത രംഗത്തും അവഗണന: എം ജയചന്ദ്രന്‍

ദോഹ: മറ്റ് എല്ലാ മേഖലകളിലുമെന്നപോലെ സംഗീത രംഗത്തും വടക്കന്‍ കേരളത്തിലുള്ളവര്‍ അവണഗിക്കപ്പെടുന്നതായി പ്രമുഖ സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. ഫോം ഖത്തര്‍ ദോഹയില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടക്കോട്ടുള്ള ഗായകര്‍ക്കും മറ്റും വേണ്ട വിധത്തിലുള്ള അംഗീകാരങ്ങളും അവസരങ്ങളും ലഭിക്കുന്നില്ല എന്ന അഭിപ്രായമാണ് തനിക്കുള്ളത്. കണ്ണൂര്‍ ശരീഫും വിടി മുരളിയുമൊക്കെ മികച്ച പ്രതിഭയുള്ള കലാകാരന്‍മാരാണ്. ഇത്തരത്തിലുള്ള കലാകാരന്‍മാര്‍ പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ലെന്നും അല്ലെങ്കില്‍ തിരിച്ചറിഞ്ഞിട്ടും മാറ്റിനിര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ അവഗണനയ്ക്ക് മാറ്റമുണ്ടാകണമെന്നും എം ജയചന്ദ്രന്‍ പറഞ്ഞു.

ഗാനങ്ങള്‍ പഴയതും പുതിയതും എന്ന് വേര്‍തിരിക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം, കലാകാരന്മാരും കാലത്തിനനുസരിച്ച് അപ്‌ഡേറ്റഡ് ആവേണ്ടതുണ്ട്. അതില്‍ ഒരു മാതൃകയാണ് എ ആര്‍ റഹ്മാന്‍ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസ ലോകത്ത് നിരവധി പ്രതിഭയുള്ള പാട്ടുകാരുണ്ട്. നാട്ടില്‍ നടക്കുന്ന റിയാലിറ്റി ഷോകളില്‍ മികച്ച പ്രകടനം നടത്തുന്നവരിലര്‍ അധികപേരും വിദേശരാജ്യങ്ങളില്‍ പഠിച്ച് വളര്‍ന്ന കുട്ടികളാണ്. ജേഡന്‍, വൈഷ്ണവി തുടങ്ങിയവരൊക്കെ അതിനുദാഹരണങ്ങളാണ്. നമ്മുടെ തനത് സംഗീതത്തെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രത്യേക താത്പര്യമാണ് പ്രവാസികള്‍ക്കുള്ളതെന്നും അവരുടെ സ്നേഹത്തിലൂടെയുള്ള ഇടപെടലുകള്‍ പലപ്പോഴും നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.