ദോഹ: തൊഴില്‍ നിയമത്തില്‍ ഈയിടെ പ്രഖ്യാപിച്ച ഭേദഗതി നടപ്പില്‍ വരുത്തുമ്പോള്‍ സ്വകാര്യ മേഖലയ്ക്ക് പൂര്‍ണമായ പിന്തുണ നല്‍കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അധികൃതര്‍. എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിച്ച് കൊണ്ടായിരിക്കും നിയമഭേദഗതി നടപ്പിലാക്കുകയെന്ന് തൊഴില്‍ മന്ത്രാലയത്തിലെ ലേബര്‍ വിഭാഗം അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മുഹമ്മദ് ഹസന് അല്‍ ഉബൈദലി പറഞ്ഞു.
ഖത്തരി തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും ദോഷകരമായതൊന്നും തൊഴില്‍ മന്ത്രാലയം ചെയ്യില്ല. ജീവനക്കാര്‍ ഒരു കമ്പനിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ആവശ്യമായ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കും-അല്‍ ഉബൈദലി പറഞ്ഞു. ഈയിടെ പ്രഖ്യാപിച്ച തൊഴില്‍ നിയമ ഭേദഗതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ബിസിനസുകാരുടെ ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കുന്നതിന് ഖത്തര്‍ ചേംബര്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ മറ്റു കമ്പനികളിലേക്ക് മാറുന്നത് സംബന്ധിച്ച തൊഴിലുടമകളുടെ പരാതികള്‍ പരിഹരിക്കുന്നതിന് ഖത്തര്‍ ചേംബറുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് അല്‍ ഉബൈദലി പറഞ്ഞു. തൊഴിലാളികള്‍, തൊഴിലുടമകള്‍, കമ്പനികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ നിരവധി ശുപാര്‍ശകള്‍ ഖത്തര്‍ ചേംബര്‍ മുന്നോട്ട് വച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംയുക്ത കമ്മിറ്റി വഴി ഏകോപിപ്പിക്കാനും ധാരണയായി.