ദോഹ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഖത്തറില്‍ ആഭരണ നിര്‍മാണ ഫാക്ടറി തുറക്കും. പ്രതിവര്‍ഷം 5,000 കിലോ സ്വര്‍ണാഭരണം നിര്‍മിക്കാനുള്ള കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ശൈഖ് ഹമദ് നാസര്‍ ആല്‍ഥാനി, ശൈഖ് അബ്ദുല്ല നാസര്‍ ആല്‍ഥാനി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഖത്തറിലെ മനാത്തെക്ക് എക്കോണോമിക് സോണിന്റെ ഭാഗമായ ബിര്‍ക്കാത്ത് അല്‍ അവാമര്‍ ലോജിസ്റ്റിക് പാര്‍ക്കില്‍ ലീസ് ചെയ്ത സ്ഥലത്ത് 3,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ആഭരണനിര്‍മാണ ശാല ഉയരുന്നത്. 2022 ജൂലൈയോടെ പ്രവര്‍ത്തനമാരംഭിക്കും.
മലബാര്‍ ഗോള്‍ഡ് റീജനല്‍ ഹെഡ് ടി.വി. സന്തോഷ്, സോണല്‍ ഹെഡ് ടി. നൗഫല്‍, എ.കെ. ഉസ്മാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
പുതിയ ഫാക്ടറി 200ഓളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. കാസ്റ്റിങ്, സിഎന്‍സി, കാഡ്-ക്യാം ത്രീഡി പോലുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി ഉയര്‍ന്ന നിലവാരവും പൂര്‍ണതയുമുള്ള വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഇവിടെ നിര്‍മിക്കും. സിഎന്‍സി കട്ടിങ്, മാലകള്‍, പാദസരങ്ങള്‍, മോതിരങ്ങള്‍, വളകള്‍, 22 കാരറ്റ്, 24 കാരറ്റ് സ്വര്‍ണനാണയങ്ങള്‍, കുവൈത്തി നെക്‌ലേസ് തുടങ്ങിയവ നിര്‍മിക്കാന്‍ വിവിധ വിഭാഗങ്ങളുണ്ടാകും.
വജ്രവും മറ്റ് അമൂല്യ രത്‌നാഭരണങ്ങളും നിര്‍മിക്കാന്‍ സൗകര്യമുണ്ട്. ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിത്. 2013 മുതല്‍ ഖത്തറില്‍ പ്രവര്‍ത്തിച്ചുവരുന്ന നിലവിലുള്ള കേന്ദ്രത്തിന് പുറമെയാണിത്. 50 വിദഗ്ധരായ ആഭരണ നിര്‍മാണത്തൊഴിലാളികള്‍ ജോലി ചെയ്യുന്ന നിലവിലുള്ള ഫാക്ടറിക്ക് പ്രതിവര്‍ഷം 1200 കിലോ ആഭരണ നിര്‍മാണ ശേഷിയാണുള്ളത്.