ഖത്തറിലെ അറബ് കപ്പും ലോക കപ്പും കാണാന്‍ ആദിവാസി വിദ്യാര്‍ഥി ഉള്‍പ്പെട്ട മലയാളി സംഘവും എത്തും

qatar world cup nilambur

ദോഹ: അടുത്തവര്‍ഷം ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ കാട്ടുനായ്ക്ക വിഭാഗത്തിലെ നിതിന്‍ എന്ന വിദ്യാര്‍ഥിയും കൂട്ടുകാരുമുണ്ടാകും. നിലമ്പൂര്‍ അമല്‍ കോളേജില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയാണ് നിതിന്‍. നിലമ്പൂര്‍ ഇന്ദിരാഗാന്ധി റസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് പ്ലസ്ടു പാസായി. നിതിന്‍ ഉള്‍പ്പെടെ നിലമ്പൂര്‍ അമല്‍ കോളേജിലെ 39 പേരെയാണ് ഖത്തറില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് സാക്ഷിയാകാന്‍ കേരളത്തില്‍നിന്ന് തെരഞ്ഞെടുത്തത്.

ഖത്തറിലെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഖത്തര്‍ സ്റ്റാര്‍ സര്‍വീസുമായി ചേര്‍ന്ന് കോളേജിലെ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഫുട്ബോള്‍ മാമാങ്കം കാണാനുള്ള അവസരം. കോളേജിലെ അധ്യാപകനും പ്ലേയ്സ്മെന്റ് ഓഫീസറുമായ ഡോ. വി കെ ഹഫീസിന്റെ ഇടപെടലിലാണ് ഇത് യാഥാര്‍ത്ഥ്യമാവുന്നത്.

ഫിഫ അറബ് കപ്പ് മല്‍സരങ്ങള്‍ കാണുന്നതിന് വെള്ളിയാഴ്ച്ച ചെന്നൈയില്‍നിന്ന് ചാര്‍ട്ടേഡ് ഫ്ളൈറ്റില്‍ വിദ്യാര്‍ഥികള്‍ ഖത്തറിലേക്ക് യാത്രയാകും. ജനുവരി ആദ്യവാരത്തോടെ നാട്ടില്‍ മടങ്ങിയെത്തും. പിന്നീട് ലോക കപ്പ് കാണുന്നതിനായി വീണ്ടും ഖത്തറിലേക്കുപോകും. അധ്യാപകരായ വി കെ ഹഫീസ്, കെ പി ജനീഷ് ബാബു എന്നിവരും കൂടെയുണ്ടാകും.

കാടിന്റെ മക്കളെയുള്‍പ്പെടെ ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്ക് കൈപ്പിടിച്ചുയര്‍ത്താന്‍ കിട്ടിയ അവസരം സന്തോഷകരമാണെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി വി സക്കറിയ പറഞ്ഞു.
ALSO WATCH