മലയാളി യുവാവിനെ ഖത്തറിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തി

qatar malayali death

ചെറുതുരുത്തി: തൃശൂര്‍ ജില്ലയിലെ നെടുമ്പുര സ്വദേശിയായ യുവാവിനെ ഖത്തറിലെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലിക്കപ്പറമ്പില്‍ അബുവിന്റെ മകന്‍ അബൂ ത്വാഹിര്‍ (26) ആണ് മരിച്ചത്. ദോഹയില്‍ ഷെറാട്ടന്‍ ഹോട്ടലിന്റെ പരിസരത്തെ ബീച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. പേഴ്‌സ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ കൈവശം ഉണ്ടായിരുന്നു. സാധാരണ ബീച്ച് സന്ദര്‍ശകര്‍ കുളിക്കാറില്ലാത്ത പ്രദേശമാണിതെന്ന് പോലിസ് പറയുന്നു. മരണം ഷോക്കേറ്റാകാനുള്ള സാധ്യതയും കാണുന്നുണ്ട്.

മരണം സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ വെള്ളത്തില്‍ വീണ് കേടായിട്ടുണ്ട്. ഇതിലെ വിവരങ്ങള്‍ ശേഖരിച്ചാല്‍ അന്വേഷണത്തിന് പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലിസ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂ. ഒരു ദിവസം മുമ്പ് റൂമില്‍ നിന്നു പോയതാണെന്ന് കൂടെ താമസിക്കുന്നവര്‍ പറഞ്ഞു. ബീച്ചില്‍ പോകുമ്പോള്‍ ഉപയോഗിക്കുന്ന വസ്ത്രം കൈയില്‍ കരുതിയിരുന്നു. അവിവാഹിതനായ യുവാവ് ഏതാനും വര്‍ഷങ്ങളായി ഖത്തറിലുണ്ട്. സ്വകാര്യ എസി കമ്പനിയിലായിരുന്നു ജോലി. സഹോദരന്‍ സദഖത്തുല്ല ഖത്തറിലുണ്ട്.

കോവിഡ് കാരണം വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ഖത്തറില്‍ തന്നെ കബറടക്കാനാണ് സാധ്യതയെന്ന് ബന്ധുകള്‍ സൂചിപ്പിച്ചു. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: ജാഫര്‍, ഹസീന, റാബിയ.