Friday, January 28, 2022
HomeGulfQatarഖത്തറില്‍ വിദേശ റീച്ചാര്‍ജ് കാര്‍ഡുകള്‍ മോഷ്ടിച്ച് വില്‍പ്പന; ഏഷ്യക്കാരന്‍ പിടിയില്‍

ഖത്തറില്‍ വിദേശ റീച്ചാര്‍ജ് കാര്‍ഡുകള്‍ മോഷ്ടിച്ച് വില്‍പ്പന; ഏഷ്യക്കാരന്‍ പിടിയില്‍

ദോഹ: ഖത്തറില്‍ വിദേശ റീച്ചാര്‍ജ് കാര്‍ഡുകള്‍ മോഷ്ടിച്ച് നിയമവിരുദ്ധമായി വില്‍പ്പന നടത്തിയ ഏഷ്യക്കാരനെ ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു. സ്വന്തം രാജ്യത്തെ പ്രാദേശിക ടെലികമ്യൂണിക്കേഷന്‍ കമ്പനിയുടെ റീച്ചാര്‍ജ് കാര്‍ഡുകളുടെ വിവരങ്ങള്‍ മോഷ്ടിച്ച് ഖത്തറിലെ ഏഷ്യന്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സ് ഇല്ലാതെ നിയമവിരുദ്ധമായി വിറ്റുവെന്ന് സംശയിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനകള്‍ക്കും അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇയാളുടെ താമസസ്ഥലത്ത് അന്വേഷണോദ്യോഗസ്ഥര്‍ പരിശോധന നടത്തിയതില്‍ നിന്ന് 60 ലക്ഷം റിയാല്‍ വിലമതിക്കുന്ന വ്യാജ റീച്ചാര്‍ജ് കാര്‍ഡുകള്‍ കണ്ടെത്തി. കാര്‍ഡുകള്‍ അച്ചടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്.

ഇന്റര്‍നെറ്റ് വഴി തന്റെ രാജ്യത്തെ ഒരു ഹാക്കറുമായി സഹകരിച്ചാണ് ഇത് ചെയ്തതെന്ന് ഇയാള്‍ അന്വേഷണ ഏജന്‍സിയോട് വ്യക്തമാക്കി. മോഷ്ടിച്ച റീച്ചാര്‍ജ് കാര്‍ഡുകളുടെ നമ്പറുകള്‍ ഹാക്കര്‍ ഇയാള്‍ക്ക് നല്‍കും. പിന്നീട് ഇയാള്‍ ഈ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ കാര്‍ഡുകള്‍ അച്ചടിക്കും. തുടര്‍ന്നാണ് ഫേസ്ബുക്ക്, വാട്ട്സ്ആപ്പ്, ഐ.എം.ഒ തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ ഇത് വില്‍ക്കുന്നത്. അന്താരാഷ്ട്ര കോളുകള്‍ക്കായുള്ള റീച്ചാര്‍ജ് കാര്‍ഡുകള്‍ പ്രാദേശിക ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ നിശ്ചയിച്ചതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരസ്യം നല്‍കിയാണ് ഇയാള്‍ കാര്‍ഡുകള്‍ വിറ്റിരുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ സാമ്പത്തിക, സൈബര്‍ കുറ്റകൃത്യ വകുപ്പിലേക്ക് റഫര്‍ ചെയ്തു.

Most Popular