ദോഹ: ഖത്തര്‍ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് പ്രഖ്യാപിച്ച ട്രാഫിക് പിഴ ഇളവ് നിരവധി പേര്‍ പ്രയോജനപ്പെടുത്തിയതായി അധികൃതര്‍. വരും ദിവസങ്ങളില്‍ ഇവരുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കുന്നുകൂടി കിടക്കുന്ന ട്രാഫിക് ഫൈന്‍ 50 ശതമാനം ഇളവില്‍ അടച്ചുതീര്‍ക്കാനുള്ള അവസരമാണ് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഒരുക്കിയിട്ടുള്ളത്. അടുത്ത മൂന്ന് മാസത്തേക്കാണ് ഇളവ്. ഡിസംബര്‍ 18ന് ആരംഭിച്ച ഈ ഓഫര്‍ 2022 മാര്‍ച്ച് 17 വരെ തുടരും.
വാഹനത്തിനെതിരേ ഏത് തരത്തിലുള്ള നിയന്ത്രണങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഈ ഇളവ് ലഭിക്കും. പലരും ഈ മാസത്തെ ശമ്പളം ലഭിക്കുന്നതിനായി കാത്തിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പിഴ അടക്കുന്നതിനായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മീഡിയ ആന്റ് ട്രാഫിക് അവയര്‍നസ് ഡിപാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ കേണല്‍ ജാബിര്‍ മുഹമ്മദ് റാഷിദ് ഉബൈദ പറഞ്ഞു.
ഡിസംബര്‍ 18ന് ആണ് പദ്ധതി ആരംഭിച്ചതെങ്കിലും ഇതിനകം തന്നെ നിരവധി പേര്‍ ഇളവ് പ്രയോജനപ്പെടുത്തി. മെത്രാഷ്2, ഇ-സര്‍വീസസ് പോര്‍ട്ടലുകള്‍, സെല്‍ഫ് സര്‍വീസ് കിയോസ്‌കുകള്‍ എന്നിവ വഴിയും ട്രാഫിക് ഡയറക്ടറേറ്റ് കൗണ്ടറിലും പിഴ അടയ്ക്കാവുന്നതാണ്.
അടുത്ത വര്‍ഷം ആദ്യം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരേ കടുത്ത നിയമ നടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ആഹ്വാനം ചെയ്തു.