ദോഹ: ഒക്ടോബര്‍ 3 മുതല്‍ ഖത്തറില്‍ ഔട്ട്‌ഡോറില്‍ മാസ്‌ക്ക് വേണ്ട. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ നാലാംഘട്ടമാണ് ഒക്ടോബര്‍ 3ന് ആരംഭിക്കുന്നത്.
എക്‌സിബിഷന്‍ നടക്കുന്ന ഇടം, മാര്‍ക്കറ്റ് തുടങ്ങി ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ ഒഴികെ ഒക്ടോബര്‍ 3 മുതല്‍ മാസ്‌ക്ക് ധരിക്കേണ്ടതില്ലെന്ന് പുതിയ തീരുമാനത്തില്‍ പറയുന്നു. എന്നാല്‍, ഇന്‍ഡോര്‍, മസ്ജിദ് പരിസരം, സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം മാസ്‌ക്ക് വേണം. തുറന്ന സ്ഥലങ്ങളില്‍ ഉപഭോക്താക്കളുമായി നിരന്തരം ബന്ധപ്പെടുന്ന ജോലിക്കാരും തൊഴില്‍ സമയത്ത് മാസ്‌ക്ക് ധരിക്കണം.
മറ്റ് ഇളവുകള്‍ ഇപ്രകാരം
ഓഫിസുകള്‍
ഓഫിസുകളില്‍ നടക്കുന്ന മീറ്റിങുകളില്‍ പരമാവധി 30 പേര്‍ക്ക് വരെ പങ്കെടുക്കാം. വാക്‌സിനെടുക്കാത്ത ജീവനക്കാര്‍ ആഴ്ച്ചതോറും റാപിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത് തുടരണം.
ഒത്തകൂടലുകള്‍
വീടുകളിലും മജ്‌ലിസുകളിലും വാക്‌സിനെടുത്ത 30 പേര്‍ക്കും വാക്‌സിനെടുക്കാത്ത അഞ്ചുപേര്‍ക്കും ഒത്തുചേരാം. ഔട്ട്‌ഡോറില്‍ വാക്‌സിനെടുത്ത 50 പേര്‍ക്കും വാക്‌സിനെടുക്കാത്ത 10 പേര്‍ക്കും അനുമതി. ഒരേകുടുംബത്തില്‍പ്പെട്ട 30 പേര്‍ക്ക് ബീച്ചിലും കോര്‍ണിഷിലും ഒരുമിക്കാം.
യാത്ര
വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേരില്‍ കൂടുതല്‍ പാടില്ല. ബസ്സുകളിലും വാനുകളിലും 75 ശതമാനം പേര്‍.
ഗതാഗതം
മെട്രോ, പൊതുഗതാഗതം 75 ശതമാനം ശേഷിയില്‍.
പള്ളികള്‍
പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രവേശനം. ടോയിലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലവും തുറക്കും
തിയേറ്ററുകള്‍
തിയേറ്ററുകളില്‍ 50 ശതമാനം പേര്‍. 75 ശതമാനം പേര്‍ വാക്‌സിനെടുത്തവര്‍ ആയിരിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കും പ്രവേശനം.
ഡ്രൈവിങ് സ്‌കൂള്‍
ഡ്രൈവിങ് സ്‌കൂളുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. ചുരുങ്ങിയത് 75 ശതമാനം ട്രെയ്‌നികള്‍ പൂര്‍ണമായും വാക്‌സിനെടുത്തിരിക്കണം. അത് അല്ലെങ്കില്‍ 75 ശതമാനം പേര്‍മാത്രം. വാക്‌സിനെടുക്കാത്ത ട്രെയിനികള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തണം