വ്യാജ വെബ്‌സൈറ്റുകള്‍ക്കെതിരേ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ മക്‌ഡൊണാള്‍ഡ്‌സ്

McDonald's Qatar

ദോഹ: ഉപഭോക്താക്കളെ പറ്റിക്കാന്‍ നിരവധി വ്യാജ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി ഖത്തറിലെ മക്‌ഡൊണാള്‍ഡ്‌സ് കമ്പനി. തങ്ങളുടെ അതേ ഡിസൈന്‍ അനുകരിച്ച് ഖത്തറില്‍ നിരവധി വ്യാജവെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ വെബ്‌സൈറ്റുകള്‍ വ്യാജ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളില്‍ നിന്ന് ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടുകയും പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മക്‌ഡൊണാള്‍ഡ്‌സ് സോഷ്യല്‍ മീഡിയയില്‍ മുന്നറിയിപ്പ് നല്‍കി.

വിഷയം പ്രാദേശിക അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും വ്യാജ വെബ്‌സൈറ്റുകള്‍ പൂട്ടിക്കാനുള്ള ശ്രമത്തിലാണെന്നും കമ്പനി അറിയിച്ചു. വെരിഫൈ ചെയ്യാത്ത മക്‌ഡൊണാള്‍ഡ്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഒഴിവാക്കണമെന്നും മക്‌ഡൊണാള്‍ഡ്‌സ് ഔദ്യോഗിക ആപ്പ് വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മാത്രം ഓര്‍ഡറുകള്‍ നല്‍കണമെന്നും കമ്പനി അറിയിച്ചു.