Wednesday, November 30, 2022
HomeNewsfeedഅനാഥ കുട്ടികളുടെ 'മാമ മറിയം' ഖത്തറിലെ പുതിയ സാമൂഹിക വികസന മന്ത്രി

അനാഥ കുട്ടികളുടെ ‘മാമ മറിയം’ ഖത്തറിലെ പുതിയ സാമൂഹിക വികസന മന്ത്രി

ദോഹ: ഖത്തറില്‍ പുതുതായി നിയമിതയായ സാമൂഹിക വികസന കുടുംബ മന്ത്രി മറിയം ബിന്ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. സ്ഥാനമേറ്റെടുത്ത് ഒരാഴ്ച്ചയ്ക്കുള്ളില്‍ തന്നെ ഖത്തരി പൗരന്മാര്‍ക്ക് തന്നെ നേരിട്ട് കണ്ട് വിഷയങ്ങള്‍ ബോധിപ്പിക്കുന്നതിനുള്ള പ്രത്യേക സര്‍വീസ് അവര്‍ ആരംഭിച്ചു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പ്രമുഖരുമായാണ് അവര്‍ കൂടിക്കാഴ്ച്ച നടത്തിയത്.

സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനും ചൂഷണങ്ങള്‍ക്കിരയായവര്‍ക്ക് സംരക്ഷണം കൊടുക്കുന്നതിനും മുന്‍കൈയെടുത്ത് നേരത്തേ തന്നെ ശ്രദ്ധ നേടിയിരുന്ന വ്യക്തിത്വമാണ് അല്‍ മിസ്‌നദ്.

2014ല്‍ എച്ച്ഇസി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് സ്ട്രാറ്റജിക് പ്ലാനിങ് ആന്റ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്ത അല്‍ മിസ്‌നദിന് ഖത്തരി സമൂഹത്തിനിടയില്‍ 15 വര്‍ഷത്തെ സാമൂഹിക സേവന പരിചയമുണ്ട്.

അനാഥകളെ സംരക്ഷിക്കുന്നതിനുള്ള ഡ്രീമ ഓര്‍ഫന്‍സ് കെയര്‍ സെന്റര്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളില്‍ അവര്‍ സുപ്രധാന സ്ഥാനം വഹിച്ചിട്ടുണ്ട്. ഡ്രീമയിലെ അനാഥ കുട്ടികള്‍ അല്‍ മിസ്‌നദിനെ സ്‌നേഹപൂര്‍വ്വം മാമ മറിയം എന്നാണ് വിളിച്ചിരുന്നത്. കുട്ടികള്‍ക്ക് അവര്‍ നല്‍കിയിരുന്ന കരുതലും സംരക്ഷണവുമായിരുന്നു ഇതിന് കാരണം. അവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറിയതിന് ശേഷം ഡ്രീമയിലെ സാഹചര്യങ്ങള്‍ മോശമായതായി നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നവരെ സംരക്ഷിക്കുന്നതിനുള്ള പ്രൊട്ടക്ഷന്‍ ആന്റ് സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്ററിലും(അമാന്‍) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ അവര്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു.

എജുക്കേഷന്‍ എബൗ ആള്‍ ഫൗണ്ടേഷനില്‍ കമ്യൂണിക്കേഷന്‍ ആന്റ് അവയര്‍നെസ് കാമ്പയിന്‍ റീജ്യനല്‍ ഡയറക്ടര്‍(2013), ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്റര്‍ സിഇഒ(2008) തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂലൈയില്‍ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഫിനാന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിതയായ അല്‍ മിസ്‌നദിന് ഇന്റര്‍നാഷനല്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി എക്‌സലന്‍സ് പുരസ്‌കാരം ലഭിച്ചിരുന്നു.

രണ്ട് തവണ അംബാസഡര്‍ ഓഫ് ഓര്‍ഫന്‍സ്(അനാഥകളുടെ അംബാസഡര്‍) പുരസ്‌കാരത്തിനും അവര്‍ അര്‍ഹരായിട്ടുണ്ട്.
ALSO WATCH

Most Popular