ഖത്തറില്‍ ദേശീയ മേല്‍വിലാസ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

national address registration

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ മേല്‍വിലാസ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിച്ചു. മെട്രാഷ് 2 ആപ്പ് വഴിയും ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയും രജിസ്റ്റര്‍ ചെയ്യാം. ആഭ്യന്തര മന്ത്രാലയത്തിന്റെ സര്‍വീസ് സെന്ററുകളില്‍ നേരിട്ട് ചെന്നും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

national address qatar

മെട്രാഷ് 2ല്‍ ഖത്തര്‍ ഐഡിയുള്ളവര്‍ക്ക് വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കാവുന്നതാണ്. ഇവരുടെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ വരുന്ന 18 വയസിന് താഴെയുള്ളവര്‍ അതേ വിലാസത്തില്‍ സ്വയം രജിസ്റ്റര്‍ ചെയ്യപ്പെടും. അതേ സമയം, ജീവിതപങ്കാളികള്‍ പ്രത്യേകം തന്നെ രജിസ്റ്റര്‍ ചെയ്യണം.

താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം, ഫിക്സഡ് ടെലിഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍, തൊഴിലുടമയുടെ വിലാസം തുടങ്ങിയവയാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. മിക്ക വിവരങ്ങളും ഖത്തര്‍ ഐഡിയിലെ വിവരങ്ങള്‍ പ്രകാരം സ്വയം പൂരിപ്പിക്കപ്പെടും. അല്ലാത്തവ ടൈപ്പ് ചെയ്ത് നല്‍കണം.

രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ പൂരിപ്പിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി എസ്എംസ് സന്ദേശം ലഭിക്കും.

2020 ജൂലൈ 26ന് മുമ്പ് ഖത്തറിലെ മുഴുവന്‍ സ്വദേശികളും വിദേശികളും തങ്ങളുടെ പൂര്‍ണ വിലാസം പൂരിപ്പിച്ച് നല്‍കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, നീതിന്യായ മന്ത്രാലയം, സുപ്രിം ജുഡീഷ്യറി കൗണ്‍സില്‍, ആസൂത്രണ സ്ഥിതിവിവര അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങള്‍ ജനങ്ങളുമായി ആശയ വിനിമം നടത്തുന്നതിന് ദേശീയ മേല്‍വിലാസം പ്രയോജനപ്പെടുത്തും.

Content Highlights: Metrash2 allows national address registration from today