ഇന്ത്യയില്‍ നിന്നുള്ള പച്ചക്കുരുമുളക്, ഏലം, ബീഫ് എന്നിവയ്ക്ക് ഖത്തറില്‍ നിയന്ത്രണം

qatar moh

ദോഹ: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പച്ചക്കുരുമുളക്, ഏലം, ശീതികരിച്ച ബീഫ് എന്നിവക്ക് ഖത്തര്‍ പൊതു ആരോഗ്യ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ ഉല്‍പ്പന്നങ്ങളുടെ എല്ലാ ചരക്കുകളില്‍ നിന്നും സാമ്പിളുകള്‍ എടുത്ത് അവ സുരക്ഷിതവമാണെന്ന് തെളിയിക്കപ്പെടുന്നതുവരെ വിതരണം ചെയ്യരുതെന്ന് എല്ലാ തുറമുഖങ്ങളിലേക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കി. പച്ചമുളകിലും ഏലയ്ക്കയിലും കീടനാശിനികളുടെ സാന്നിധ്യമല്ലെന്നും ബീഫ് സാല്‍മൊണെല്ലയില്‍ നിന്ന് മുക്തമാണെന്നും തെളിയിക്കാനാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്.

അതേസമയം അടുത്ത മാസം ഒന്ന് വരെ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ ഉല്‍പന്നങ്ങള്‍ക്ക് അംഗീകൃത ലബോറട്ടറി നല്‍കുന്ന വിശകലന സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. അല്ലെങ്കില്‍ ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണെന്ന് അതതു രാജ്യത്തെ യോഗ്യതയുള്ളവര്‍ നല്‍കിയ പ്രസ്താവന കൈവശം ഉണ്ടാവേണ്ടതാണ്. എന്നാല്‍ അതുവരെ എല്ലാ കയറ്റുമതികളില്‍ നിന്നും സാമ്പിളുകള്‍ എടുക്കുന്നത് തുടരണം.ആവശ്യമെങ്കില്‍ ഈ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചേക്കാമെന്നും സര്‍ക്കുലറില്‍ സൂചിപ്പിച്ചു. പൊതു ആരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തലിനു ശേഷമാണ് ഈ പ്രവര്‍ത്തനങ്ങള്‍ പ്രാബല്യത്തില്‍ വന്നത്.