ഖത്തറില്‍ മൂന്നു പേര്‍ക്കു കൂടി കൊറോണ; സെന്‍ട്രല്‍ മാര്‍ക്കറ്റും ഒരു ഹൈപ്പര്‍ മാര്‍ക്കറ്റും അടച്ചു

qatar health ministry

ദോഹ: ഖത്തറില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മൊത്തം കൊറോണ ബാധിതരുടെ എണ്ണം 18 ആയി ഉയര്‍ന്നു. ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി ബന്ധപ്പെട്ടിരുന്ന മൂന്നു പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത്.

ഖത്തറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്, ഒരു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റും ഹൈപ്പര്‍ മാര്‍ക്കറ്റും അടച്ചു. അബൂഹമൂറിലെ ദാന ഹൈപ്പര്‍ മാര്‍ക്കറ്റാണ് അടച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. ഇവിടെയുള്ള ഒരു ജീവനക്കാരന് പനിബാധിച്ചതിനെ തുടര്‍ന്ന് മൊത്തം ജീവനക്കാരെയും പരിശോധനാവിധേയമാക്കിയതായാണ് റിപോര്‍ട്ട്. അതേ സമയം, ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്നലെ മൂന്നു പ്രവാസികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട നൂറുകണക്കിനു പേരെ അധികൃതര്‍ പരിശോധനാവിധേയമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നുപേര്‍ക്കു കൂടി രോഗം കണ്ടെത്തിയത്.

അതേ സമയം, കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊറോണ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അല്‍സലാം മാള്‍ അടച്ചതായി ഇന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍, മാളിലെ ഒരു ജീവനക്കാരന് ഹൃദയാഘാതം വന്നതിനെ തുടര്‍ന്ന് ആംബുലന്‍സ് എത്തിയതാണ് വ്യാജ വാര്‍ത്തയ്ക്ക് ഇടയാക്കിയതെന്ന് മാള്‍ അധികൃതര്‍ വ്യക്തമാക്കി.

കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ ആരും മരിച്ചിട്ടില്ലെന്ന് ഇന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗബാധ മൂലം ഒരാള്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.