കോവിഡ് ചട്ടലംഘനം: ഖത്തറില്‍ നിരവധി സ്‌കൂളുകള്‍ക്കെതിരേ നടപടി

qatar school study online

ദോഹ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച നിരവധി സ്‌കൂളുകള്‍ക്കെതിരേ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം നടപടി സ്വീകരിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി.

ഭൂരിഭാഗം സ്‌കൂളുകളും മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. എന്നാല്‍, ചില സ്‌കൂളുകള്‍ ചട്ടലംഘനം നടത്തുന്നതായി കണ്ടെത്തി. മാസ്‌ക്ക് ധരിക്കുക, വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പ്രവേശിക്കും മുമ്പ് ശരീര താപ പരിശോധന നടത്തുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയന്ത്രണങ്ങളാണ് പല സ്‌കൂളുകളും പാലിക്കാത്തത്. കൃത്യമായി അണുനശീകരണം നടത്താത്തതിനും നടപടി സ്വീകരിച്ചു.

ഈ സ്‌കൂളുകളെ കൂടുതല്‍ നടപടികള്‍ക്കായി മന്ത്രാലയത്തിന്റെ ആഭ്യന്തര അന്വേഷണ വിഭാഗത്തിന് വിട്ടു. നിയമലംഘനത്തിന്റെ ഗൗരവത്തിന് അനുസരിച്ച് പിഴയും ചുമത്തി. കോവിഡ് വ്യാപനം കണ്ടെത്തിയ ചില സ്‌കൂളുകള്‍ അടക്കുകയും ക്ലാസുകള്‍ ഓണ്‍ലൈനിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്. കോവിഡ് പടരാനുണ്ടായ സാഹചര്യം കണ്ടെത്തുന്നതിന് അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. സ്‌കൂള്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും മന്ത്രാലയം അറിയിച്ചു.