Monday, October 25, 2021
HomeNewsfeedഖത്തറിലെ കാറും ബസ്സും ട്രെയിനും ഇനി ഒരു കുടക്കീഴില്‍; 'സില'യ്ക്ക് തുടക്കമിട്ട് ഗതാഗത മന്ത്രാലയം

ഖത്തറിലെ കാറും ബസ്സും ട്രെയിനും ഇനി ഒരു കുടക്കീഴില്‍; ‘സില’യ്ക്ക് തുടക്കമിട്ട് ഗതാഗത മന്ത്രാലയം

ദോഹ: ഖത്തറിലെ പൊതുഗതാഗത സേവനങ്ങള്‍ മുഴുവന്‍ ഒരു സംവിധാനത്തിന് കീഴില്‍ കൊണ്ട് വരുന്ന ‘സില’ എന്ന പുതിയ ബ്രാന്‍ഡിന് തുടക്കമിട്ട് ഖത്തര്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം. അറബിയില്‍ ബന്ധം എന്നര്‍ത്ഥം വരുന്ന സിലയില്‍ മെട്രോ, ബസ്, ടാക്‌സി, ട്രാം സേവനങ്ങള്‍ ഒരു കുടക്കീഴിലാവും. ഖത്തര്‍ റെയില്‍വേ, മുവാസലാത്ത്, ഖത്തര്‍ ഫൗണ്ടേഷന്‍, മുശൈരിബ് പ്രോപര്‍ട്ടീസ് എന്നിവയുമായി സഹകരിച്ച് ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.

വരുന്ന ആഴ്ച്ചകളില്‍ സിലാ ആപ്പിലും വെബ്‌സൈറ്റിലും യാത്രാ പ്ലാനിങ് സംവിധാനത്തിന് തുടക്കമാവും. യാത്രക്കാര്‍ക്ക് നിശ്ചിത ലക്ഷ്യത്തിലെത്താന്‍ ബസ്, മെട്രോ, മെട്രോലിങ്ക്, ടാക്‌സി, ഡ്രൈവിങ്, നടത്തം തുടങ്ങിയവ എല്ലാം സംയോജിപ്പിച്ച് കൊണ്ടുള്ള ഏറ്റവും അനുയോജ്യമായ റൂട്ട് ഇതിലൂടെ പ്ലാന്‍ ചെയ്യാം. സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, സ്റ്റേഷന്‍ രൂപഘടന, ടൈംടേബിള്‍, റൂട്ടുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്താന്‍ യാത്രക്കാര്‍ക്ക് സില ആപ്പും വെബ്‌സൈറ്റും ഉപയോഗിക്കാം.

പദ്ധതി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായാല്‍ ഖത്തറിലെ എല്ലാ പൊതുഗതാഗത സേവനങ്ങളും ഒരൊറ്റ സംവിധാനത്തിന് കീഴില്‍ ഉപയോഗിക്കാന്‍ യാത്രക്കാര്‍ക്ക് കഴിയും. എല്ലാ യാത്രാ മാര്‍ഗങ്ങളിലേക്കും ഒരൊറ്റ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പണം അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് വരാന്‍ പോകുന്നത്.
ALSO WATCH

Most Popular