കൊറോണ: ഖത്തറില്‍ ഏതൊക്കെ ഷോപ്പുകളാണ് പൂട്ടേണ്ടത്?

ദോഹ: കൊറോണ വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തറില്‍ ഏതൊക്കെ ഷോപ്പുകളാണ് പൂട്ടേണ്ടതെന്നത് സംബന്ധിച്ച് വാണിജ്യ മന്ത്രാലയം വിശദീകരണം നല്‍കി. അല്‍ മീറ, ലുലു മാള്‍ പോലുള്ള വാണിജ്യ സമുഛയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യോല്‍പ്പന്ന വില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍ തുടങ്ങിയവ ഒഴികെയുള്ളവയാണ് അടക്കേണ്ടതെന്ന് വിശദീകരണത്തില്‍ പറയുന്നു. ഉദാഹരണത്തിന് അല്‍ഖോര്‍ ലുലു മാളിലെ സൂപ്പര്‍മാര്‍ക്കറ്റ്, ഫാര്‍മസി, റസ്റ്റോറന്റ് ഒഴികെയുള്ളവ ഇതു പ്രകാരം അടച്ചിടണം.

എന്നാല്‍, സൂഖ് വാഖിഫ്, അല്‍ഫുര്‍ജാന്‍ മാര്‍ക്കറ്റ് തുടങ്ങി വാണിജ്യ സമുഛയത്തിന് പുറത്തുള്ള കടകള്‍ക്ക് ഈ നിര്‍ദേശം ബാധകമല്ല. പ്രമുഖ മാളുകള്‍ക്ക് അകത്തുള്ള റീട്ടെയില്‍ സ്റ്റോറുകള്‍ക്കാണ് നിയന്ത്രണമെന്ന് വെള്ളിയാഴ്ച്ച മന്ത്രാലയം പുറപ്പെടുവിച്ച വിശദീകരണത്തില്‍ പറയുന്നു. ഖത്തര്‍ മാള്‍, വില്ലേജിയോ, എസ്ദാന്‍ മാള്‍, അല്‍ സലാം മാള്‍, സിറ്റി സെന്റര്‍, ക്യുമാള്‍, ബി സ്‌ക്വയര്‍, ലഗൂണ മാള്‍ മുതലായവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവ ആയത് കൊണ്ട് ഹൈപര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഐസ്‌ക്രീം പാര്‍ലറുകള്‍, മിഠായിക്കടകള്‍, ഫാര്‍മസികള്‍, മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങിയവ പൂട്ടേണ്ടതില്ല. ഡൈനിങ് റൂം അനുവദിക്കാത്ത രീതിയില്‍ റസ്റ്റോറന്റുകളും കഫേകളും പ്രവര്‍ത്തിക്കാവുന്നതാണ്.

MoCI issues clarification on which stores should close and run in Qatar amid Covid-19