ദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ എക്കണോമിക് ആന്റ് ഇലക്ട്രോണിക് ക്രൈം ഡിപാര്‍ട്ട്‌മെന്റ് കള്ളനോട്ടുമായി നാലംഗ സംഘത്തെ പിടികൂടി. നാലംഗ ആഫ്രിക്കന്‍ സംഘമാണ് വ്യാജനോട്ടുകളുമായി പിടിയിലായത്.
ചില രാസവസ്തുക്കള്‍ ഉപയോഗിച്ച് നോട്ടിരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത വ്യക്തിയെ കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്.
ഇവരുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കള്ളനോട്ട് കെട്ടുകളും വ്യത്യസ്ത വലുപ്പത്തിലുള്ള പേപ്പറുകളും നോട്ടടിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. നോട്ടിരട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ കുടുങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.