Saturday, August 20, 2022
HomeGulfQatarമൊബൈലില്‍ ഫോട്ടോ പകര്‍ത്തിയാലും സൈബര്‍ കുറ്റം; ശിക്ഷ രണ്ടുവര്‍ഷം തടവും 10,000 റിയാല്‍ പിഴയും

മൊബൈലില്‍ ഫോട്ടോ പകര്‍ത്തിയാലും സൈബര്‍ കുറ്റം; ശിക്ഷ രണ്ടുവര്‍ഷം തടവും 10,000 റിയാല്‍ പിഴയും

ദോഹ: സൈബര്‍ കുറ്റകൃത്യങ്ങളെ കര്‍ശനമായി നേരിടാനൊരുങ്ങി ഖത്തര്‍. കോവിഡ് സാഹചര്യത്തില്‍ ആളുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കു കൂടുതലായി മാറിയതോടെ സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോമ്പാറ്റിങ് ഡിപ്പാര്‍ട്ട്മെന്റിലെ ഫസ്റ്റ് ലഫ്റ്റനന്റ് എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ കഅബി അറിയിച്ചു.

മൊബൈല്‍ ഫോണ്‍ കാമറയില്‍ ഫോട്ടോ പകര്‍ത്തുന്നതും സൈബര്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അപകടങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ സ്വകാര്യതയെ ഹനിക്കുന്ന ഏത് കാര്യവും കാമറയില്‍ പകര്‍ത്താന്‍ പാടില്ല. രണ്ടു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ഇതിനുള്ള ശിക്ഷ. മൊബൈല്‍ കാമറ ഉപയോഗിക്കാന്‍ അനുവാദമുള്ള സ്ഥലങ്ങളില്‍ മാത്രമേ അത് ഉപയോഗിക്കാവൂ എന്നും അപ്പോള്‍ പോലും മറ്റുള്ളവരുടെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ അത് പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സാമ്പത്തിക തട്ടിപ്പുകള്‍, കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക ചൂഷണങ്ങള്‍, വ്യാജപ്രചാരണങ്ങള്‍, ഹാക്കിംഗ് തുടങ്ങിയ വിവിധ രീതിയിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളാണ് അടുത്തകാലത്തായി വ്യാപകമായിരിക്കുന്നത്. ഇതിന് ഇരകളാവാതിരിക്കാന്‍ ഓരോരുത്തരും അതീവ ജാഗ്രത പുലര്‍ത്തണം. തങ്ങളുടെ ഐഡി കാര്‍ഡോ അതിന്റെ പകര്‍പ്പോ മറ്റൊരാള്‍ക്ക് നല്‍കാതിരിക്കുകയെന്നതാണ് ഇതില്‍ പ്രധാനം. ഇത് ഉപയോഗിച്ച് വലിയ തട്ടിപ്പുകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈനിലൂടെ ആളുകളെ ഭീഷണിപ്പെടുത്തുക, ലൈംഗികമായി ചൂഷണം ചെയ്യുക, അക്കൗണ്ടുകളും മറ്റും ഹാക്ക് ചെയ്ത് പണമോ വിവരങ്ങളോ ചോര്‍ത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് അതിന്റെ തീവ്രത അനുസരിച്ച് ആറ് മാസം മുതല്‍ അഞ്ചു വര്‍ഷം വരെയ തടവും 10,000 റിയാല്‍ മുതല്‍ അഞ്ചു ലക്ഷം റിയാല്‍ വഴെ പിഴയുമാണ് ശിക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസം ഓണ്‍ലൈനിലായതോടെ കുട്ടികളില്‍ മൊബൈലിന്റെ ദുരുപയോഗവും കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങളും ഇക്കാലത്ത് വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ രക്ഷിതാക്കളുടെ കാര്യത്തില്‍ നല്ല ജാഗ്രത വേണമെന്നും അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ കഅബി ഓര്‍മിപ്പിച്ചു.
ALSO WATCH

Most Popular

Energy Casino Kod Promocji 2022