ഖത്തറില്‍ ഇനി ഐഡി കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കൈയില്‍ കരുതേണ്ട; എല്ലാം ഇ-വാലറ്റില്‍

e-wallet qatar

ദോഹ: മെത്രാഷ്2 മൊബൈല്‍ ആപ്പില്‍ ഇ-വാലറ്റ് സംവിധാനമൊരുക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. ഇതോടെ ഖത്തര്‍ ഐഡി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ കൈയില്‍ കരുതുന്നത് ഒഴിവാക്കാം. സെക്യൂരിറ്റി, ട്രാഫിക് പരിശോധനാ സമയത്ത് മൊബൈല്‍ ആപ്പില്‍ ഡിജിറ്റലായി സ്റ്റോര്‍ ചെയ്തിട്ടുള്ള രേഖകള്‍ കാണിച്ചാല്‍ മതിയാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പണം കൈകാര്യം ചെയ്യുന്നതിനുള്ള പേമെന്റ് വിവരങ്ങള്‍, പാസ്‌വേര്‍ഡ് തുടങ്ങിയവ സുരക്ഷിതമായി സൂക്ഷിക്കാനും ഇ-വാലറ്റ് സേവനം ഉപകരിക്കും.

സേവനങ്ങള്‍ മുഴുവന്‍ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് ഇ-വാലറ്റ് സൗകര്യമെന്ന് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം അല്‍ ഹറമി പറഞ്ഞു. വ്യക്തിഗത രേഖകളുടെ ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ ഇടപാടുകളിലും ഉപയോഗിക്കാനും ഇ-വാലറ്റ് സേവനം ഉപയോഗിക്കാവുന്നതാണ്.

ഖത്തര്‍ ഐഡി, റെസിഡന്‍സ് പെര്‍മിറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഫാന്‍സി നമ്പറുകളുടെ ഉടമസ്ഥത തുടങ്ങിയ രേഖകള്‍ ഇ-വാലറ്റില്‍ ലഭ്യമാവും.