ദോഹ: ഒരു നൂറ്റാണ്ടിന് ശേഷം ദൃശ്യമായ വലയ സൂര്യഗ്രഹണത്തിന് ഖത്തറില്‍ നൂറുകണക്കിനു പേര്‍ സാക്ഷിയായി. ഗ്രഹണം നേരിട്ട് വീക്ഷിക്കുന്നതിന് രാവിലെ മുതല്‍ തന്നെ കത്താറയിലെ അല്‍ തുറായ പ്ലാനറ്റോറിയത്തില്‍ നിരവധി പേര്‍ എത്തിയിരുന്നു.
പ്രത്യേക ഫില്‍ട്ടറുകളും സുരക്ഷാ കണ്ണടകളും ഉപയോഗിച്ചാണ് ഗ്രഹണം നിരീക്ഷിച്ചത്.
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ഒരു ഗ്രഹണത്തിന് സാക്ഷിയാവുന്നത്. ഗ്രഹണം കാണുന്നതിന് വേണ്ടി ഒരു ദിവസത്തെ ലീവെടുത്താണ് ഇവിടെയെത്തിയത്. നിര്‍ഭാഗ്യവശാല്‍ ദോഹയില്‍ തെളിഞ്ഞ ആകാശമായിരുന്നില്ല. എന്നാലും, ഗ്രഹണത്തിന് സാക്ഷിയാവാന്‍ സാധിച്ചതില്‍ സന്തോഷം- കത്താറയില്‍ ഗ്രഹണം നിരീക്ഷിക്കാനെത്തിയ റാമി എം പറഞ്ഞു.
ഖത്തര്‍ സമയം രാവിലെ 5.32ന് തുടങ്ങിയ ഗ്രഹണം 7.50ന് ആണ് അവസാനിച്ചത്. സൂര്യനെ പൂര്‍ണമായും മൂടാന്‍ പാകത്തില്‍ ചന്ദ്രന്‍ ഭൂമിയോട് അടുത്ത് നില്‍ക്കാത്ത അവസ്ഥയിലാണ് വലയ സൂര്യഗ്രഹണം സംഭവിക്കുന്നത്. ചില രാജ്യങ്ങള്‍ സൂര്യന്‍ ഒരു തീവലയം പോലെ കാണാമെന്നതാണ് ഇതിന്റെ പ്രത്യേകത.