ദോഹ: ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റിങ് നടത്തുന്നതിനായി കൂടുതല്‍ രാജ്യങ്ങളിലെ സെന്ററുകള്‍ക്ക് അംഗീകാരം. ജര്‍മനി, തായ്‌ലന്റ്, യുകെ എന്നീ രാജ്യങ്ങളിലെ സെന്ററുകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. ജര്‍മനിയില്‍ കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തുന്ന എല്ലാ സെന്ററുകള്‍ക്കും അംഗീകാരമുണ്ട്. തായ്‌ലന്റില്‍ മൂന്ന് സെന്ററുകള്‍ക്കും യുകെയില്‍ രണ്ട് സെന്ററുകള്‍ക്കുമാണ് അംഗീകാരം. നിലവില്‍ തുര്‍ക്കിയിലെ നാല് സെന്ററുകള്‍ക്ക് മാത്രമാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നത്. അവിടെ പുതുതായി അഞ്ച് സെന്ററുകള്‍ കൂടി അനുവദിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ ഉള്‍പ്പെട്ട ഏതാനും സെന്ററുകള്‍ക്കു മാത്രമാണ് നിലവില്‍ കോവിഡ് ടെസ്റ്റിങിന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഇന്ത്യ ഉള്‍പ്പെടെ കോവിഡ് വ്യാപനം കൂടിയ രാജ്യങ്ങളില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് ടെസ്റ്റിങ് സെന്ററുകള്‍ ഇല്ല. അതുകൊണ്ട് തന്നെ ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണ്. ഖത്തര്‍ അംഗീകൃത കോവിഡ് ടെസ്റ്റിങ് സെന്ററുകളില്‍ നിന്ന് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റീന് പകരം 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയാമെന്ന സൗകര്യമുണ്ട്.