പള്ളികള്‍ തുറന്നു; നാളുകള്‍ക്കു ശേഷം സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ പോലെ; വൈറലായി ഖത്തറിലെ അമേരിക്കന്‍ പൗരന്റെ വീഡിയോ

masjid open video

ദോഹ: ഇഖാമത്ത് കേള്‍ക്കുന്നു.. മസ്ജിദുകള്‍ തുറന്നു… പുഞ്ചിരിച്ച് ധൃതിപിടിച്ചുള്ള ആ ഓട്ടം ഒരു വിശ്വാസിയുടെ ആഹ്ലാദത്തിന്റെ പ്രതീകമായിരുന്നു. ഖത്തറില്‍ പള്ളികള്‍ തുറന്നതുമായി ബന്ധപ്പെട്ട് ആഹ്ലാദം പങ്കു വയ്ക്കുന്ന അമേരിക്കന്‍ പൗരന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അല്‍ വക്‌റ ക്ലബ്ബിനു വേണ്ടി കളിക്കുന്ന അമേരിക്കക്കാരനായ മൂസ അബ്ദുല്‍ ആലിമാണ് കഴിഞ്ഞ മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറില്‍ പള്ളികള്‍ തുറന്നപ്പോഴുള്ള ആഹ്ലാദം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കു വച്ചത്.

 

വിദേശികളും സ്വദേശികളുമായ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഖത്തറിലെ ഒരു പള്ളിയില്‍ നിന്നു ബാങ്ക് വിളിക്കു പിന്നാലെ ഇഖാമത്(നമസ്‌കാര സമയം) വിളിക്കുന്ന ശബ്ദം കേട്ട് ആഹ്ലാദത്തോടെ തൊട്ടടുത്തുള്ള പള്ളിയിലേക്ക് കുതിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഖത്തറില്‍ കോവിഡ് നിയന്ത്രണം ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 15നാണ് 500ഓളം പള്ളികള്‍ തുറന്നത്. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഈ പള്ളികളില്‍ നമസ്‌കാരം നടക്കുന്നത്. നമസ്‌കാരം നടക്കുന്ന പള്ളികളില്‍ ബാങ്ക് വിളിയുടെ അവസാന ഭാഗത്ത് വീട്ടില്‍ നിന്ന് നമസ്‌കരിക്കാന്‍ പറയുന്ന ഭാഗം ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.