Wednesday, January 26, 2022
HomeNewsfeedഡ്രൈവറില്ലാത്ത ഇലക്ട്രിക് ബസ്സുകള്‍ ഖത്തറിലെ നിരത്തില്‍; പരീക്ഷണ ഓട്ടം തുടങ്ങി

ഡ്രൈവറില്ലാത്ത ഇലക്ട്രിക് ബസ്സുകള്‍ ഖത്തറിലെ നിരത്തില്‍; പരീക്ഷണ ഓട്ടം തുടങ്ങി

ദോഹ: പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്ത ലെവല്‍ 4 ഇലക്ട്രിക് മിനി ബസ്സുകള്‍ ഖത്തറില്‍ പരീക്ഷണ ഓട്ടം തുടങ്ങി. ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹ്‌മദ് അല്‍ സുലൈത്തിയുടെ സാന്നിധ്യത്തിലായിരുന്നു കര്‍വയുടെ ആദ്യ പരീക്ഷണം. ചൈനീസ് വാഹന നിര്‍മാണ കമ്പനിയായ യുതോങ് ആണ് ഖത്തറിന് വേണ്ടി ബസ്സുകള്‍ നിര്‍മിക്കുന്നത്.

നവംബര്‍ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പില്‍ കാണികളെ കൊണ്ടു പോവുന്നതിന് ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് മിനി ബസ്സുകള്‍ ഉപയോഗി്ക്കാനാണ് തീരുമാനം. പരിസ്ഥിതിയോട് ഇണങ്ങുന്നതും ആധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതുമായ ഗതാഗത സൗകര്യം വികസിപ്പിക്കുക എന്ന ഖത്തറിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഇലക്ട്രിക് വാഹനങ്ങള്‍.

ഒരു മാസം നീണ്ട പരീക്ഷണത്തില്‍ ഖത്തറിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണോ ഇത്തരം ബസ്സുകളെന്ന് മനസ്സിലാക്കും. വിജയകരമായാല്‍ ഇത്തരമൊരു ഗതാഗത സംവിധാനം ഉപയോഗിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറും.

ഇലക്ട്രിക് ബസ്സുകളിലെ ഏറ്റവും അഡ്വാന്‍സ്ഡ് ടെക്‌നോളജിയാണ് ലെവല്‍ 4. ഡ്രൈവറില്ലാതെ പ്രവര്‍ത്തിക്കുന്നതാണ് ഇത്തരം വാഹനങ്ങള്‍. അതേ സമയം, അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടുന്നതിന് ഒരു ഡ്രൈവറുടെ സാന്നിധ്യം ബസ്സിലുണ്ടാവും. നിരവധി റഡാറുകളും അത്യാധുനിക കാമറകളുമുള്ള ഇലക്ട്രിക് ബസ്സുകള്‍ ചുറ്റുപാടുകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കും. 250 മീറ്റര്‍ ചുറ്റളവിലുള്ള വസ്തുക്കളെ മനസ്സിലാക്കി പ്രതികരിക്കാന്‍ ഈ വാഹനങ്ങളിലെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കും.

ഓരോ മിനിബസ്സിലും 8 പേര്‍ക്കാണ് സഞ്ചരിക്കാനാവുക. മണിക്കൂറില്‍ 40 കിലോമീറ്ററാണ് വേഗത. ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഒന്നര മണിക്കൂര്‍ മതിയാവും. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.
ALSO WATCH

Most Popular