എംസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറിലേക്ക്; ടാലന്റ് ഹണ്ട് തുടങ്ങി

ദോഹ: ഇന്ത്യയിലെ പ്രശസ്ത ക്രിക്കറ്റ് പരിശീലന സ്ഥാപനമായ എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി ഖത്തറില്‍ ടാലന്റ് ഹണ്ട് എക്‌സ്‌ചേഞ്ച് പ്രോഗ്രാം ആരംഭിച്ചതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ അബ്‌സൊല്യൂട്ട് സ്‌പോര്‍ട്‌സുമായി സഹകരിച്ചാണ് ക്രിക്കറ്റിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ടാലന്റ് ഹണ്ട് ആരംഭിച്ചിരിക്കുന്നത്. 14 വയസിനു മുകളില്‍ പ്രായമുള്ളവരെയാണ് ടാലന്റ് ഹണ്ടിലൂടെ തിരഞ്ഞെടുക്കുക.

പൂര്‍ണ തോതില്‍ സജ്ജമായ എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി രണ്ടോ മൂന്നോ മാസത്തിനുള്ള ഖത്തറില്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ആര്‍കാ സ്‌പോര്‍ട്‌സ് സ്ഥാപകനായ മിഹിര്‍ ദിവാകര്‍ പറഞ്ഞു. അക്കാദമി തുടങ്ങുന്നതിന് വേണ്ടി ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ അംഗീകാരത്തിന് ശ്രമം പുരോഗമിക്കുകയാണെന്നും ഇതു ലഭ്യമാകുന്ന മുറക്ക് അക്കാദമി പ്രവര്‍ത്തനം തുടങ്ങുമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു.

മിഹിര്‍ ദിവാകറിന്റെ നേതൃത്വത്തില്‍ 2014ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച അര്‍ക സ്‌പോര്‍ട്‌സാണ് എംഎസ് ധോണി ക്രിക്കറ്റ് അക്കാദമി നടത്തുന്നത്. ഇന്ത്യയില്‍ പന്ത്രണ്ടും സിംഗപ്പൂരില്‍ രണ്ടും ദുബയില്‍ ഒന്നും പരിശീലനകേന്ദ്രങ്ങള്‍ നിലവിലുണ്ട്്. ജിസിസിയിലെ രണ്ടാമത്തെ ശാഖയായിരിക്കും ഖത്തറിലേത്. ഇന്ത്യയിലെയും വിദേശത്തെയും ക്രിക്കറ്റ് വളര്‍ച്ച ലക്ഷ്യമിട്ട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഗുണമേന്മയുള്ള പരിശീലനം നല്‍കുകയാണ് ലക്ഷ്യം.

ഖത്തറിലെ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ചൊരു അവസരമാണ് ടാലന്റ് ഹണ്ട് എക്‌സ്‌ചേഞ്ച ്‌പ്രോഗ്രാമിലൂടെ കൈവരുന്നതെന്ന് അബ്‌സൊല്യൂട്ട് സ്‌പോര്‍ട്‌സ് ചെയര്‍മാന്‍ ഖാലിദ് അല്‍ ഖയാരിന്‍ പറഞ്ഞു. എംഎസ് ധോണി ക്രിക്കറ്റ് അക്കാദമിയിലെ മികച്ച കോച്ചുകളുടെ സേവനം ഖത്തറിലുള്ളവര്‍ക്കും ലഭ്യമാവുകയാണ് ഇതിലൂടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തസമ്മേളനത്തില്‍ ഗോപാല്‍ ബാലസുബ്രമണി, മുഹമ്മദ് ഹബീബുന്നബി, ശ്രീനിവാസ് ടി എസ്, ഷറപ് പി ഹമീദ്, ഇ പി അബ്ദുറഹ്മാന്‍ തുടങ്ങിയവരും പങ്കെടുത്തു.