ദോഹ: ആളും ആരവവും നിറഞ്ഞ ഒമ്പതു ദിനങ്ങള്‍ക്കൊടുവില്‍ ദര്‍ബ് അല്‍ സായിയിലെ ഖത്തര്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കു സമാപനമായി. മികവിന്റെ പാത കഠിനമാണ് എന്ന പ്രമേയത്തില്‍ നടത്തിയ ഇത്തവണത്തെ ആഘോഷ പരിപാടികള്‍ വീക്ഷിക്കാന്‍ പതിനായിരങ്ങളാണ് ദര്‍ബ് അല്‍ സായിയിലേക്ക് ഒഴുകിയെത്തിയത്.
വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും സ്ഥാപനങ്ങളും സഹകരിച്ച് നടത്തിയ ആഘോഷത്തില്‍ കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ആസ്വാദ്യകരമാവുന്ന നിരവധി പരിപാടികളാണ് ഒരുക്കിയിരുന്നത്. ഇത്തവണ ആദ്യമായി സാംസ്‌കാരിക, കായിക മന്ത്രാലയവും വിവിധ പരിപാടികള്‍ ഒരുക്കിയിരുന്നു. അയല്‍ രാജ്യമായ കുവൈത്തില്‍ നിന്നുള്ള നിരവധി വൊളന്റിയര്‍മാരും ആഘോഷത്തിന്റെ ഭാഗമായി.
ട്രാഫിക് വിഭാഗത്തിന്റെയും പോലിസ് വിഭാഗത്തിന്റെയും വിവിധ ബോധവല്‍ക്കരണ പരിപാടികളില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പങ്കാളികളായി. കുട്ടികള്‍ക്കുള്ള മല്‍സര ഇനങ്ങള്‍ക്കു പുറമേ കുതിര സവാരി, വിവിധ കായിക മല്‍സരങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു. വര്‍ണ വിളക്കുകള്‍ കൊണ്ടലങ്കരിച്ച പാതകള്‍ക്ക് ഇരുവശവുമായി സജ്ജീകരിച്ച പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ സ്റ്റാളുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മല്‍സരങ്ങളിലെ വിജയികളെ ദല്‍ബ് അല്‍ സായിയില്‍ വച്ച് പ്രഖ്യാപിച്ചു. ദേശീയ വികാരം ഉണര്‍ത്തുന്ന കവിതാ ആലാപന മല്‍സരമായ ദിവാന്‍ അല്‍ അദാം ഇത്തവണ പുതുമയായി.