ഖത്തറിലേക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടു വരുന്നതിനും പുറത്തേക്കു കൊണ്ടു പോകുന്നതിനും കര്‍ശന നിബന്ധന

ദോഹ: വിലിപിടിപ്പുള്ള വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും പുറത്തേക്ക് കൊണ്ടുപോകുന്നതിനും ഖത്തര്‍ പുതിയ നിബന്ധനയേര്‍പ്പെടുത്തി. 50,000 ഖത്തര്‍ റിയാല്‍ വിലമതിക്കുന്ന വസ്തുക്കള്‍ കൊണ്ടുപോകുന്നതിന് ഇനിമുതല്‍ പ്രത്യേക സത്യവാങ്മൂലം പൂരിപ്പിച്ചുനല്‍കണം.

50,000 റിയാലോ അതിന് മുകളിലോ മൂല്യമുള്ള എന്ത് വസ്തുക്കളും വിമാനമാര്‍ഗമോ, കടല്‍മാര്‍ഗമോ, കരമാര്‍ഗമോ രാജ്യത്തിനകത്തേക്കും പുറത്തേക്കും കൊണ്ടുപോകുന്നതിനാണ് പ്രത്യേക സത്യവാങ്മൂലം പൂരിപ്പിച്ചുനല്‍കേണ്ടത്. കൊണ്ടുപോകുന്ന വസ്തു എങ്ങനെ സമ്പാദിച്ചു, എന്തിന് കൊണ്ടുപോകുന്നു, തുടങ്ങി ചോദ്യങ്ങളെല്ലാം അടങ്ങിയ ഫോറമാണ് പൂരിപ്പിച്ചുനല്‍കേണ്ടത്. ലഭിക്കുന്ന സത്യവാങ്മൂലം പരിശോധിച്ച് ബോധ്യപ്പെടുന്ന പക്ഷം മാത്രമെ ഇത്തരം ഇടപാടുകള്‍ക്ക് അനുമതി ലഭിക്കുകയുള്ളൂ.

50,000 റിയാലിന് തത്തുല്യമായതോ അതിന് മുകളിലോ മൂല്യമുള്ള കറന്‍സികള്‍, സ്വര്‍ണം, വെള്ളി, വജ്രം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍, കാഷ് ചെക്കുകള്‍, ഒപ്പിട്ട മുദ്രപത്രങ്ങള്‍ തുടങ്ങിവയ്ക്കെല്ലാം പുതിയ നിബന്ധന ബാധകമാകും. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചില ഭാഗങ്ങള്‍ പൂരിപ്പിക്കാതെ വിടുകയോ ചെയ്യുന്നത് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പുതിയ നിബന്ധനയില്‍ പറയുന്നുണ്ട്. ഒപ്പം ഒരു ലക്ഷം റിയാലില്‍ കുറയാത്ത പിഴയും ഈടാക്കും.

കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം തുടങ്ങിയവ തടയുന്നതിന്റെ ഭാഗമാണ് പുതിയ നിബന്ധന.