ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏറ്റവും മികച്ച സുരക്ഷയും കാര്യക്ഷമതയും ഉറപ്പ് വരുത്തുന്ന അത്യാധുനിക സ്ക്രീനിങ് സാങ്കേതിവിദ്യ സ്ഥാപിച്ചു. സ്മിത്ത്സ് ഡിറ്റക്ഷനുമായി സഹകരിച്ച് ഹമദ് ട്രാന്‍സ്ഫേര്‍സ് ഹാളില്‍ സ്ഥാപിച്ച ഹാന്‍ഡ് ബാഗേജ് സ്ക്രീനിങ് സംവിധാനം എച്ച്ഐഎ സ്മാര്‍ട്ട് സെക്യൂരിറ്റി പ്രോഗ്രാമിന്റെ ഭാഗമാണ്.
പുതിയ സാങ്കേതിക സംവിധാനത്തില്‍ യാത്രക്കാര്‍ ദ്രാവകങ്ങളും വലിയ ഇലക്ട്രോണിക് ഉപകരണങ്ങളും ബാഗുകളില്‍ നിന്ന് പുറത്തെടുക്കേണ്ടതില്ല. ആറ് യാത്രക്കാരുടെ വസ്തുക്കള്‍ ഒരേ സമയം ട്രേകളില്‍ ലോഡ് ചെയ്യാന്‍ സാധിക്കും. യാത്രക്കാരുടെ ബോര്‍ഡിങ് പാസ് സ്കാനറും പുതിയ സംവിധാനത്തോട് ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഓരോ യാത്രക്കാരുടെ ബാഗുകളും ഇലക്ട്രോണിക്കലി ടാഗ് ചെയ്യാനും കൃത്യമായി ട്രാക്ക് ചെയ്യാനും സാധിക്കും.
യാത്രക്കാര്‍ ട്രേയില്‍ നിന്ന് വസ്തുക്കള്‍ നീക്കം ചെയ്യുമ്പോള്‍ അതില്‍ എന്തെങ്കിലും ബാക്കിയുണ്ടോ എന്ന് സിസ്റ്റം സ്കാന്‍ ചെയ്യും. യാത്രക്കാരന്റെ ഏതെങ്കിലും വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ പിന്നീട് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് ഇത് സഹായിക്കും. യാത്രക്കാരുടെ ഷൂ സെക്കന്റുകള്‍ കൊണ്ട് സ്കാന്‍ ചെയ്യാനുള്ള സംവിധാനമാണ് മറ്റൊന്ന്. പാദരക്ഷകള്‍ അഴിക്കാതെ തന്നെ ഇത് സാധ്യമാവും.
ബാഗിലുള്ള വസ്തുക്കള്‍ ഏറ്റവും കൃത്യമായി മനസ്സിലാക്കാനും തെറ്റായ മുന്നറിയിപ്പുകള്‍ നല്‍കുന്നത് കുറക്കാനും പുതിയ സംവിധാനം സഹായിക്കും. ഇതിലൂടെ ബാഗുകള്‍ അനാവശ്യമായി തുറന്നു പരിശോധിക്കുന്നത് കുറക്കാനാവും. ഓരോ ട്രേയും യാത്രക്കാര്‍ ഉപയോഗിക്കും മുമ്പ് അള്‍ട്രാ വയലറ്റ് സംവിധാനത്തിലൂടെ അണുവിമുക്തമാക്കാനുള്ള സാങ്കേതിക വിദ്യയും സ്കാനറില്‍ ഘടിപ്പിച്ചിട്ടുണ്ട്.
പ്രമുഖ ടെക്നോളജി വിദഗ്ധരായ സ്മിത്സ് ഡിറ്റക്ഷന്റെ എച്ച്ഐ-സ്കാന്‍ 6040 സിടിഐഎക്സ് സംവിധാനം സ്ഥാപിക്കുന്ന മേഖലയിലെ ആദ്യ എയര്‍പോര്‍ട്ടാണ് ഹമദ്. ഈ വര്‍ഷം അവസാനത്തോടെ വിമാനത്താവളത്തിലെ എല്ലാ ഡിപാര്ച്ചറുകളിലും ട്രാന്‍സ്ഫറുകളിലും ഈ സംവിധാനം സ്ഥാപിക്കും. അതോടെ കാരി ഓണ്‍ ബാഗേജ് സ്കാന്‍ ചെയ്യുന്നതിന് സ്മിത്സ് ഡിറ്റക്ഷന്‍ സംവിധാനത്തെ പൂര്‍ണമായും ആശ്രയിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളങ്ങളിലൊന്നായും ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് മാറും.
ALSO WATCH