ദോഹ: കഴിഞ്ഞ മാസം വെര്‍ച്വല്‍ ക്ലാസിലൂടെ തുടക്കമിട്ട ഖത്തറിലെ പുതിയ ഇന്ത്യന്‍ യൂനിവേഴ്സിറ്റി(Indian university in Qatar) ക്യാമ്പസില്‍ ആദ്യ ബാച്ച് വിദ്യാര്‍ഥികളെത്തി. ബര്‍വ കൊമേഴ്സ്യല്‍ അവന്യുവില്‍ പ്രവര്‍ത്തിക്കുന്ന എംഐഇ-എസ്പിപിയു(MIE-SPPU) ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷനില്‍ ഒക്ടോബര്‍ 17ന് ആണ് ആദ്യമായി വിദ്യാര്‍ഥികളെത്തിയത്.
ആദ്യത്തെ ബാച്ചിന്റെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്ന് എംഐഇ-എസ്പിപിയു പ്രസിഡന്റ് ഹസന് ചൗഗ്ലെ പറഞ്ഞു. രാപ്പകലില്ലാതെ സമര്‍പ്പിതരായി അധ്വാനിച്ച ഒരു സംഘത്തിന്റെ സ്വപ്ന സാക്ഷാല്‍ക്കാരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രൊഫസര്‍ ഡോ. ബിമലേന്ദു ബി നാഥ് ആണ് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പാള്‍. സാവിത്രി ഭായി ഫൂലെ പുനെ യൂനിവേഴ്സിറ്റി നിയോഗിച്ചതും അംഗീകരിച്ചതുമായ അധ്യാപകരാണ് ക്ലാസെടുക്കുന്നത്.
660 വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്യാമ്പസില്‍
ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്, ബാച്ചിലര്‍ ഓഫ് കൊമേഴ്സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്സ്, ബാച്ചിലര്‍ ഓഫ് സയന്‍സ് കോഴ്സുകളാണ് നല്‍കുന്നത്.
മറ്റു യൂനിവേഴ്സിറ്റികളെ അപേക്ഷിച്ച് കുറഞ്ഞ ഫീസ് നിരക്കാണ് തങ്ങള്‍ ഈടാക്കുന്നതെന്ന് ചൗഗ്ലെ പറഞ്ഞു. 30,000 റിയാലാണ് ഒരു വര്‍ഷത്തെ ഫീസ് തീരുമാനിച്ചിരുന്നത്. പൊതുജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് 2000 റിയാല്‍ കുറച്ചിട്ടുണ്ട്. നിലവില്‍ വിവിധ കോഴ്സുകള്‍ക്ക് 28,000 റിയാല്‍, 30,000 റിയാല്‍, 34,000 റിയാല്‍ എന്നിങ്ങനെയാണ് ഫീസ്.
തൊട്ടടുത്ത ഫ്രീ സോണ്‍ മെട്രോസ്റ്റേഷനില്‍ നിന്ന് ക്യാമ്പസിലേക്കും തിരിച്ചും സൗജന്യ ഷട്ടില്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ കോഴ്സുകള്‍ക്കും ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ആര്‍ട്സില്‍ എക്കോണമിക്സ്, സൈക്കോളജി; കൊമേഴ്സില്‍ ഇന്റര്‍നാഷനല്‍ ബാങ്കിങ്, ബാങ്കിങ് ആന്റ് ഫിനാന്‍സ്; മാനേജ്മെന്റില്‍ എന്റര്‍പ്രണര്‍ഷിപ്പ്, ബിസിനസ് അഡ്മിനിസ്ട്രേഷന്; സയന്‍സില്‍ ഫിസിക്സ്, കെമിസ്ട്രി, ഫുഡ് സയന്‍സ്, ബയോ ടെക്നോളജി എന്നീ വിഷയങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്.
അധികം വൈകാതെ പാര്‍ട്ട് ടൈം കോഴ്സുകള്‍ നല്‍കാനും യൂനിവേഴ്സിറ്റിക്ക് പദ്ധതിയുണ്ട്. ഖത്തറില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് എക്സിക്യൂട്ടീവ് എംബിഎ, അധ്യാപകര്‍ക്കുള്ള ബി.എഡ് എന്നിവ ആണ് പരിഗണനയിലുള്ള കോഴ്സുകള്‍. ഫാര്‍മസ്യൂട്ടിക്കല്‍, പാരാമെഡിക്കല്‍ മേഖലയില്‍ ഫുള്‍ ടൈം കോഴ്സുകളും തയ്യാറാക്കുന്നുണ്ട്.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കുള്ള സ്പെഷ്യല്‍ സ്കൂള്‍ ഡിപിഎസ് ഗ്രൂപ്പിന്റെ സ്വപ്നങ്ങളില്പ്പെട്ടതാണെന്നും ഖത്തര്‍ ട്രിബ്യൂണിന് ഹസന് ചൗഗ്ലെ പറഞ്ഞു.
ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ കൊമേഴ്സ്യല്‍ അവന്യുവില്‍ പ്രവര്‍ത്തിക്കുന്ന 6,300 ചതുരശ്ര മീറ്റര്‍ ഉള്ള കാംപസില്‍ 11 ക്ലാസ്മുറികളുണ്ട്. ലബോറട്ടറികള്‍, ഓഡിറ്റോറിയം, ഇന്‍ഡോര്‍ റിക്രിയേഷന്‍ ഏരിയ, കഫ്റ്റീരിയ, ലൈബ്രറി, ബുക്ക് സ്റ്റോര്‍, രണ്ട് ഷോപ്പുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ബര്‍വ കൊമേഴ്സ്യല്‍ അവന്യുവില്‍ പ്രവര്‍ത്തിക്കുന്ന കാംപസിലുണ്ട്.