ദോഹ മെട്രോയില്‍ പേപ്പര്‍ ടിക്കറ്റുകളുടെ വില കൂട്ടി

doha metro paper ticket

ദോഹ: പരിമിതമായ സമയത്തേക്കു മാത്രം ഉപയോഗിക്കാവുന്ന പേപ്പര്‍ ടിക്കറ്റുകളുടെ വില ഉയര്‍ത്തുന്നതായി ഖത്തര്‍ റെയില്‍ ട്വിറ്ററില്‍ അറിയിച്ചു. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ദോഹ മെട്രോ പേപ്പര്‍ ടിക്കറ്റുകളുടെ നിരക്കില്‍ മാറ്റം വരുത്തയത്.

ഒറ്റ യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് പേപ്പര്‍ ടിക്കറ്റിന് 3 റിയാലും ഒരു ദിവസത്തെ പാസിന് 9 റിയാലുമായിരിക്കും ഇനി മുതല്‍ ഈടാക്കുക. ഗോള്‍ഡ് ക്ലാസില്‍ ഒറ്റ യാത്രാ ടിക്കറ്റിന് 15 റിയാലും പാസിന് 45 റിയാലും നല്‍കണം. അതേ സമയം, സ്റ്റാന്‍ഡേര്‍ഡ്, ഗോള്‍ഡ് സ്മാര്‍ട്ട് കാര്‍ഡുകള്‍ക്ക് പഴയ നിരക്ക് തന്നെ തുടരും. ഇന്നു മുതലാണ് പുതിയ നിരക്ക് ബാധമാവുക.

പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം മൂലമുണ്ടാവുന്ന പരിസ്ഥിതി ആഘാതം കുറയ്ക്കുകയാണ് മാറ്റത്തിന് പിന്നിലെ ലക്ഷ്യമെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഒറ്റയാത്രയ്ക്കുള്ള പേപ്പര്‍ ടിക്കറ്റിനും സ്മാര്‍ട്ട് കാര്‍ഡ് കാര്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ക്ലാസിനും 2 റിയാലാിരുന്നു നിരക്ക്. ഒരു ദിവസത്തെ പേപ്പര്‍ ടിക്കറ്റ് പാസിനും സ്മാര്‍ട്ട് കാര്‍ഡിനും 6 റിയാല്‍ ആണ് ഈടാക്കിയിരുന്നത്.

ഗോള്‍ഡ് ക്ലാസ് പേപ്പര്‍ ടിക്കറ്റിന് നേരത്തേ 10 റിയാല്‍ ഈടാക്കിയിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 15 റിയാല്‍ നല്‍കേണ്ടത്. 30 റിയാലായിരുന്നു ഗോള്‍ഡ് ക്ലാസ് ഡേ പാസിന്റെ നിരക്ക്. ഇതാണ് ഇപ്പോള്‍ 45 റിയാലായി വര്‍ധിച്ചിരിക്കുന്നത്.

ട്രാവല്‍ കാര്‍ഡുകള്‍ ദോഹ മെട്രോ സ്‌റ്റേഷനുകളിലും അംഗീകൃത റീട്ടെയിലര്‍മാരില്‍ നിന്നും ലഭിക്കും. സ്ഥിരമായി ദോഹ മെട്രോയില്‍ യാത്ര ചെയ്യുന്ന ഓഫിസ് ജീവനക്കാരും വിദ്യാര്‍ഥികളുമൊക്കെ നേരത്തേ തന്നെ സ്മാര്‍ട്ട് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിനാല്‍ അവരെ നിരക്കു വര്‍ധന ബാധിക്കില്ല.

പേപ്പര്‍ ടിക്കറ്റുകള്‍ പലരും യാത്രയ്ക്കു ശേഷം സ്റ്റേഷന്‍ പരിസരത്തു തന്നെ ഉപേക്ഷിക്കാറുണ്ട്. പേപ്പര്‍ ടിക്കറ്റുകളുടെ ഉപയോഗം നിരുല്‍സാഹപ്പെടുത്തുന്നത് നല്ല തീരുമാനമാണെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.